കൊല്ലം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഹുല്‍ ഗാന്ധി അമ്പലങ്ങളില്‍ പോകുന്നതിനെയാണ് പിണറായി പരിഹസിച്ചത്. കരുനാഗപ്പള്ളിയിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി രാഹുല്‍ ഗന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സമയത്തു മാത്രം രാഹുൽ അമ്പലങ്ങളിൽ എന്തിനാണ് പോകുന്നതെന്നും അതേ സമയം പൂണൂലിട്ട ബ്രാഹ്മണനാണെന്ന് പ്രചരിപ്പിക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സമീപനവും ഒരേപോലെയാണ് എന്നാല്‍ വീഴ്ചകളില്‍ നിന്ന് പാഠം പഠിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ലെന്നും പിണറായി വിമര്‍ശിച്ചു. അതേസമയം വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സി.പി.എമ്മിനെതിരെ ഒരു വാക്ക് പോലും സംസാരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. തന്റെ മുഖ്യ ശത്രു ബി.ജെ.പി മാത്രമാണ്. ഒരു സന്ദേശം നല്‍കുക മാത്രമാണ് ഇവിടെ മത്സരിക്കുന്നതിന്റെ ലക്ഷ്യമെന്നും – രാഹുല്‍ ഗാന്ധി പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ നല്ല സന്ദേശമല്ല സമൂഹത്തിന് നല്‍കുക എന്നും കോണ്‍ഗ്രസിന്റേത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.
Post Your Comments