![](/wp-content/uploads/2019/04/writers.jpg)
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് രാജ്യത്തെ സാഹിത്യ-കലാകാരന്മാര്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ബാനറില്‍ അരുന്ധതി റോയ്, ഗിരീഷ് കര്‍ണാട്, കേകി ദാരുവാല, ടി.എം.കൃഷ്ണ, നയന്‍താര സഗാല്‍ തുടങ്ങി 210 പേര് ഒപ്പിട്ട പ്രസ്താവനയുമായാണ് അഭ്യര്‍ത്ഥന നടത്തിയത്. രാജ്യത്തെ വിഭജിക്കാനും ഭീതി ജനിപ്പിക്കാനും വെറുപ്പിന്റെ രാഷ്ട്രീയം ഉപയോഗിക്കുന്നു. സമത്വവും വൈവിധ്യവുമുള്ള ഇന്ത്യയ്ക്ക് വേണ്ടി വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യണം. ജാതിയുടെയും ലിംഗവ്യത്യാസത്തിന്റെയും പ്രദേശങ്ങളുടെയും പേരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പൗരന്മാര് ആക്രമിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഇവര്‍ ആരോപിച്ചു.
എഴുത്തുകാര്‍, ചലച്ചിത്രകാരന്മാര്, കലാകാരന്മാര്, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെ പേര് രാജ്യത്ത് വേട്ടയാടപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്യുകയാണ്. എഴുത്തിന്റെ കലയുടെ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെടുന്നു. അധികാരത്തില്‍ ഇരിക്കുന്നവരെ ചോദ്യംചെയ്യുന്നവര്‍ അപമാനിക്കപ്പെടുകയും കള്ളക്കേസുകളില്‍ കുടുക്കപ്പെടുകയും ചെയ്യുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പുതുക്കപ്പെടണമെങ്കില് വെറുപ്പിന്റെ രാഷ്ട്രീയം കളിക്കുന്നവരെ വോട്ട് ചെയ്തു പുറത്താക്കണം. നാം എല്ലാം മാറ്റം ആഗ്രഹിക്കുന്നു. നീതിക്കു വേണ്ടി പ്രവര്‍ത്തിക്കുവരും എഴുത്തുകാരും കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണമെങ്കില്‍ ഇതേ മാര്‍ഗമുള്ളൂവെന്നും ഇവര്‍ പറഞ്ഞു.
Post Your Comments