ജലന്ധര്‍: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തന് ഫാ. ആന്റണി മാടശേരിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ജലന്ധര്‍ രൂപത. സഹോദയ കമ്പനി നടത്തുന്നത് രൂപതയല്ലെന്ന് അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആഗ്നലോ ഗ്രേഷ്യസ്. വിശദീകരണ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.രൂപതയുടെ അനുമതിയോടെ രൂപതയിലെ ചില വൈദികര്‍ ചേര്‍ന്ന് നടത്തുന്ന പങ്കാളിത്ത കമ്പനിയാണ് സഹോദയ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നതും കണക്കുകളില്‍ ഓഡിറ്റ് നടക്കുന്നതും നികുതി അടയ്ക്കുന്നതുമായ കമ്പനിയാണിതെന്ന് വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു. 70 സ്കൂളുകളില്‍ പുസ്തക വില്‍പ്പനയിലൂടെ ലഭിച്ച പണമാണ് അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നതെന്നാണ് രൂപത പറയുന്നത്. ഇതില്‍ 14 കോടി നേരത്തെ തന്നെ ബാങ്കില്‍ നിക്ഷേപിച്ചു. 16 കോടി 65 ലക്ഷം രൂപ 29ാം തീയതി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് എണ്ണി തിട്ടപ്പെടുത്തുമ്പോഴാണ് റെയ്ഡ് നടന്നതെന്നും രൂപത വ്യക്തമാക്കുന്നു.
ഈ കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ലാഭ വിഹിതം വിധവകള്‍ക്ക് പെന്ഷന്, അംഗ പരിമിതരുടെ കുടുംബങ്ങള്‍ക്ക് മാസം സ്റൈപെന്‍ഡ്, പഠിക്കാന്‍ കഴിവുള്ള കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്, രോഗികള്‍ക്ക് ചികിത്സ സഹായം തുടങ്ങിയ സാമൂഹ്യ സേവനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും ഇതില്‍ പറയുന്നു.40-50 പേര് എകെ 47നും പിസ്റ്റളുകളുമായി വൈദിക മന്ദിരത്തിലെത്തി പരിശോധനയ്ക്കുള്ള വാറന്റ് പോലുമില്ലാതെ പണം പിടിച്ചെടുക്കുകയായിരുന്നുവെന്നും രൂപത വ്യക്തമാക്കിയിരിക്കുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ 30ാം തീയതി പുലര്‍ച്ചെയാണ് ഫാ. ആന്റണിയെ വിട്ടയച്ചതെന്നും രൂപത വ്യക്തമാക്കുന്നു. 9,66,61,700 രൂപയാണ് പിടിച്ചെടുത്തതെന്നാണ് ഖന്നാ പൊലീസ് പറയുന്നത്. 6,65,00,000 രൂപ അവരുടെ കൈകളില്‍ നിന്ന് മാഞ്ഞു പോയി എന്ന് രൂപതയും ആരോപിക്കുന്നു.തോക്കു ചൂണ്ടിയാണ് ഫാ. ആന്റണി മാടശേരിയെ കൊണ്ടുപോയതെന്നും പരിശോധനയെ കുറിച്ച് പ്രാദേശിക പൊലീസ് അറിയിച്ചില്ലെന്നുമാണ് രൂപത പറയുന്നത്.
Post Your Comments