സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ കമ്മീഷനുകൾ, സർവകലാശാലകൾ, കമ്പനി, ബോർഡ്, കോർപറേഷൻ ഉൾപ്പെടെയുള്ള സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങൾ ഐ. ടി ഉപകരണങ്ങൾ സർക്കാരിന്റെ കേന്ദ്രീകൃത സംവിധാനമായ www.cprcs.kerala.gov.in എന്ന പോർട്ടൽ മുഖേന വാങ്ങണമെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചു. കേന്ദ്രീകൃത സംവിധാനം നിലവിലുള്ളപ്പോഴും പല വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേക ടെണ്ടർ നടപടികളിലൂടെ ഉപകരണങ്ങൾ വാങ്ങുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്. പ്രത്യേക ടെണ്ടർ വിളിച്ച് കൂടിയ തുകയ്ക്ക് ഉപകരണങ്ങൾ വാങ്ങുന്നത് ധനദുർവിനിയോഗമായി കണക്കാക്കും. ഇതുസംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
കേന്ദ്രീകൃത സംവിധാനത്തിൽ ഉൾപ്പെടാത്ത ഐ. ടി ഉപകരണങ്ങൾ വാങ്ങുന്നതിന് സംസ്ഥാന ഐ. ടി മിഷന്റെ പ്രതിനിധി ഉൾപ്പെട്ട ടെക്‌നിക്കൽ കമ്മിറ്റിയുടെ അംഗീകാരത്തോടെ വേണം ടെണ്ടർ നൽകേണ്ടത്. മറ്റു മാർഗങ്ങളിലൂടെ കൂടിയ തുകയ്ക്ക് വാങ്ങിയാൽ അധിക തുക പർച്ചേസിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കുകയും ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുകയും ചെയ്യും. അംഗീകൃത വില നിലവിലുള്ളപ്പോൾ വകുപ്പുകളുടെ ആവശ്യത്തിന് അതേ ഉപകരണങ്ങൾ കെൽട്രോൺ സമാന്തരമായി ടെണ്ടർ നൽകി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണം. സംസ്ഥാന ഐ. ടി മിഷൻ, ഇ ഗവേണൻസ് മിഷൻ ടീം പ്രതിനിധികൾ ഉൾപ്പെട്ട വകുപ്പ്തല ടെക്‌നിക്കൽ കമ്മിറ്റിയുടെ ശുപാർശ സഹിതം മാത്രമേ ഐ. ടി ഉപകരണങ്ങൾ വാങ്ങാൻ അനുവദിക്കൂ. വകുപ്പ്, സ്ഥാപന മേധാവികൾ ഇക്കാര്യം ഉറപ്പാക്കണം. ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ കെൽട്രോൺ ഹെൽപ് ഡെസ്‌ക് മുഖേന ലഭ്യമാക്കും. വകുപ്പുകൾക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കുന്നതിനുള്ള സംവിധാനം പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments