പെണ്കുട്ടികള് ഒരു പ്രായം കടന്നുകഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം വിവാഹമായില്ലെ എന്ന ചോദ്യമായിരിക്കും നേരിടേണ്ടി വരിക. എന്നാല്‍ വിവാഹത്തിനുമപ്പുറം വ്യക്തിപരമായി തങ്ങള്‍ക്കൊരു ജീവിതമുണ്ടെന്ന് പെണ്‍കുട്ടികള്‍ ഉറച്ചുപറയുന്ന ഒരു കാലമാണിത്.
അത്തരത്തിലുള്ള ചോദ്യങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് സ്വന്തം അനുഭവങ്ങള്‍ വച്ചുകൊണ്ട് ഫേസ്ബുക്കിലൂടെ പറയുകയാണ് സാറാ ജെസിന്‍ വര്‍ഗീസ് എന്ന ഇരുപത്തിയാറുകാരി.
കുറിപ്പ് വായിക്കാം…
‘കൂടെ പഠിച്ചവര്‍ക്കൊക്കെ കുട്ടികളായില്ലേ?’
‘നിന്റെ ബാച്ചില്‍ ഇനി നീ മാത്രമല്ലേയുള്ളൂ ബാക്കി? ‘
‘പ്രായം കൊറെയായില്ലേ കെട്ടിപൊയ്ക്കൂടെ?’
‘നിനക്ക് കെട്ടാത്തത്തിന്റെ സൂക്കേടാണ്’
‘അല്ലെങ്കില്‍ തന്നെ നിന്നെ കെട്ടാനൊക്കെയാര് വരും?’
‘അപ്പനോട് വല്ലോം നല്ലോണമുണ്ടാക്കി വെക്കാന്‍ പറ പ്രായം കടന്ന് പോവാണല്ലോ’
‘ഇത്രേമൊക്കെ പഠിച്ചിട്ടും നിനക്കൊരു ചെറുക്കനെ കിട്ടിയില്ലേ കുഞ്ഞേ?’
‘ഈ ആഴ്ച്ച ചായ കൊടുപ്പൊന്നുമില്ലേ..?’
നിര്‍ദോഷ തമാശകളെന്ന രീതിയിലും, കാര്യമായും, സ്നേഹമായും, ജീവിതമാഘോഷിക്കുന്നതിന്റെ കുശുമ്പായുമൊക്കെ വയസ്സ് ഇരുപത്തിയാറിലെത്തിയ ഞാന്‍ കേള്‍ക്കേണ്ടി വന്ന ചോദ്യങ്ങളാണ്. ഇതില്‍ നിന്നൊക്കെ കല്യാണമായില്ലായെങ്കില്‍ മരിച്ചു പോവുകയെന്നൊരു ഒറ്റ ഓപ്ഷനാണ് ബാക്കിയെന്ന് തോന്നും. ലോകത്തിലിപ്പോള്‍ മനുഷ്യന് ഇല്ലാത്തത് സന്തോഷമായത് കൊണ്ടും, ഇങ്ങനെയങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോള്‍ ഞാന്‍ കാരണം ഒരാള്‍ക്ക് സന്തോഷം കിട്ടുന്നുണ്ടേലായിക്കോട്ടെയെന്ന് വച്ചും ഞാന്‍ മറുപടി പറയാറില്ല. നാട്ടുകാരുടെ ഓര്‍മ്മപ്പെടുത്തലിനും കൂട്ടുകാരുടെ കളിയാക്കലലിനും അയല്‍ക്കാരുടെ അടക്കംപറച്ചിലിനുമൊക്കെ പുല്ലുവിലയാണ് ഇതുവരെ കൊടുത്തിരുന്നത്. അല്ലെങ്കിലും ഇവരൊക്കെ എന്ത് മറുപടിയാണ് അര്‍ഹിക്കുന്നത്?
അല്ലെങ്കില്‍ തന്നെ ഇതൊക്കെ എല്ലാരും ചെയ്യുന്നതല്ലേ നിനക്ക് മാത്രമെന്താണ് പ്രത്യേകതയെന്ന് പറയുന്നവരോട്, ഒരു companionship മാത്രമായി ഞാനൊരു കല്യാണം കഴിക്കാന്‍ ഉദേശിക്കുന്നില്ലയെന്നും ഒറ്റയ്ക്ക് ഞാന്‍ സന്തോഷവതിയാണെന്നും ഒരാളെ പരിചയപെട്ടാല്‍ അയാളുടെ കൂട്ട് വേണമെന്ന് തോന്നിയാല്‍, അയാള്‍ എന്റെ സന്തോഷങ്ങളെക്കാള്‍ വലുതായി തോന്നിയാല്‍ മാത്രമാണ് ഞാന്‍ കല്യാണത്തെ കുറിച്ചു ചിന്തിക്കുകയുള്ളൂവെന്നും പറഞ്ഞിട്ട് കാര്യമുണ്ടോ. അതിനുള്ള ബോധമുണ്ടെങ്കില്‍ മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുമായിരുന്നല്ലോ.. ഇവരുടെ പെണ്മക്കളെയോര്‍ത്താണ് എനിക്ക് അനുകമ്പ..
നിങ്ങളിനിയും അറിയാത്ത ചിലതുണ്ട്. നിങ്ങള്‍ അറിയേണ്ടതും നിങ്ങളുടെ പെണ്കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ചിലതുണ്ട്..
സന്തോഷമാണ് ജീവിതത്തില്‍ പ്രധാനം. അതിപ്പോള്‍ ലോകത്തില്‍ എല്ലാവര്‍ക്കും ഒരുപോലെയാവില്ല.. എന്റെ ഇഷ്ടനിറമല്ലലോ നിങ്ങളുടേത്.
പെണ്കുട്ടികള്‍ ജനികുന്നതും പഠിക്കുന്നതും ജോലി ചെയ്യുന്നതും നല്ല കുപ്പായങ്ങളിടുന്നതുമൊന്നും നല്ല പങ്കാളിയെ കിട്ടാനല്ല.
എല്ലാ സ്ത്രീകളും ജന്മനാ മാതൃത്വമുള്ളവരല്ല. വിവാഹം കഴിക്കാഞ്ഞത് കൊണ്ടോ അമ്മയാകാഞ്ഞത് കൊണ്ടോ അവള്‍ക്ക് താല്‍പര്യമില്ലാത്തിടത്തോളം കാലം ഒരു പെണ്ണിനും ഒരു നഷ്ടവും സംഭവിക്കുന്നില്ല. ഹൈ റൊമാന്റിസത്തിന്റെ ഭാഗമായി കിട്ടിയതോകെ ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു..
ഒറ്റയ്ക്കാവുന്നത് ഒരിക്കലുമൊരു മോശമവസ്ഥയല്ല. സ്വയം സ്നേഹിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവര്‍ക്ക് ഏറ്റവും സുഖമുള്ള അവസ്ഥയാണ്..
സ്നേഹവും വിധേയത്വവും തികച്ചും വ്യത്യസ്തമായ രണ്ടവസ്ഥകളാണ്. ഒന്നിനോടും ഏതിനോടും നമ്മള്‍ ലോകത്തില്‍ വിധേയപ്പെടേണ്ടതില്ല. നമ്മുടെ പെണ്മക്കള്‍ളെ നമ്മളാദ്യം പഠിപ്പിക്കുന്നത് വിധേയത്വമല്ലേ..? കൊല്ലത്ത് പട്ടിണി കിടന്ന് മരിച്ചയാ പെണ്കുട്ടിയെ തന്നെ ചിന്തിക്കൂ, ഭര്‍ത്താവും അമ്മായിയമ്മയും അവരുടെ ശരീരത്തിനെ തടവിലാക്കിയതിന്റെ എത്രയോ മുന്‍പേ എത്രയോ മടങ്ങാഴത്തില്‍ അവള്‍ അവളുടെ മനസ്സ് തടവിലാക്കിയിരുന്നു.. മക്കളുടെ പേരിലോ, ലോകത്തിന്റെ ചോദ്യങ്ങളുടെ പേടിയിലോ ഒക്കെ..
ഉപദ്രവകരമായ (അതിപ്പോള്‍ ശാരീരികമായാലും മാനസികമായാലും) ബന്ധങ്ങളില്‍ നിന്നും ഇറങ്ങി നടക്കാന്‍ ധൈര്യം കാണിക്കുക. ലോകം വിശാലമാണ്. അമ്മമാരോടാണ് കൂടെയുണ്ടെന്ന് ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുക. അച്ഛന്മാരോട് രൂപി കൗര്‍ പറഞ്ഞതാണ് എനിക്കും പറയാനുള്ളത്.. ഓരോതവണ നിന്റെ മകളോട് ഉച്ചത്തില്‍ വഴക്ക് പറഞ്ഞു സംസാരിക്കുമ്പോഴും, അത് സ്നേഹത്തിലാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക.. അല്ലാത്ത പക്ഷം അവള്‍ സ്നേഹവും ദേഷ്യവും തമ്മില്‍ തിരിച്ചറിയാനാകാതെ, അവളെ ദ്രോഹിക്കുന്ന പുരുഷന്മാരെ തിരഞ്ഞെടുത്തേക്കാം. കാരണം അവളുടെ അച്ഛനും അങ്ങനെയായിരുന്നല്ലോ. ഒരിക്കല്‍ തികച്ചും അനാരോഗ്യകാരമായൊരു വിവാഹ ആലോചനയുടെ ഭാഗമായി ഒരു പുരുഷനെന്നോട് ‘ആദ്യം നിന്റെ അപ്പനെന്റെ വീട്ടില്‍ വന്നൊരു വാക്ക് തന്നോട്ടെ എന്നിട്ടാവും ബാക്കിയെന്ന്’ why don’t you open up എന്നയെന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു. അതറിഞ്ഞ അപ്പന്‍ എന്നോട് വാക്കല്ല, കല്യാണം തന്നെ കഴിഞ്ഞാലും നീയെന്നുമെന്റെ മകള്‍ തന്നെയായിരിക്കുമെന്നും, നിന്റെ അവകാശം തീറെഴുതി തരുകയല്ലെന്നും അവനോട് പറയാന്‍ പറഞ്ഞു. ഒരു തീരുമാനമെടുക്കാനാകാതെ പകച്ചു നിന്നിരുന്നയെനിക്കത് തന്ന ധൈര്യമാണ് ഇന്നെന്റെ സന്തോഷത്തിന് കാരണം. ഒരുപക്ഷെ ഈ ജീവിതത്തിന്റെ തന്നെ..
പ്രിയപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താം.. ആരും എവിടെയും ഒറ്റയ്ക്കല്ലയെന്ന് തെളിയിച്ചു കൊണ്ടിരിക്കാം…
https://www.facebook.com/jesinv/posts/1137559309782584
Post Your Comments