ശ്രീനഗർ : ബാരാമുള്ളയിലെ യുവജനതയെ മയക്കു മരുന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചതായിരുന്നു അർജുമാൻ മജീദ് ഭട്ട് ചെയ്ത ഏറ്റവും വലിയ തെറ്റ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മെഡിക്കൽ സ്റ്റോറിലിരിക്കുമ്പോൾ പാഞ്ഞു കയറിയ രണ്ട് ഭീകരർ അർജുമാന്റെ തലയിലേക്ക് വെടിവെച്ചത് ഒറ്റുകാരൻ എന്ന് കുറ്റം ചാർത്തിയാണ്. അതേസമയം അർജുമാന്റെ കൊലപാതകത്തിനെതിരെ ഇതുവരെ രാഷ്ട്രീയ നേതാക്കളാരും പ്രതികരിച്ചില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.
താഴ്വരയിൽ വിഘടന വാദികൾക്കെതിരെയുള്ള സൈനിക നടപടികളെ വിമർശിക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തിയും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും വിഷയത്തിൽ യാതൊന്നും പ്രതികരിച്ചില്ലെന്നാണ് ആരോപണം.പാക് ചാരസംഘടനകൾ അതിർത്തി വഴി മയക്കുമരുന്ന് കടത്തി അതിൽ നിന്ന് കിട്ടുന്ന പണം ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് താഴ്വരയിൽ സാധാരണമാണ്. സൈന്യത്തിന്റെയും സുരക്ഷ ഏജൻസികളുടെയും ജാഗ്രതയോടെയുള്ള പ്രവർത്തനം ഒരുപരിധി വരെ മയക്കു മരുന്ന് വ്യാപനത്തെ തടഞ്ഞെങ്കിലും പൂർണമായും ഇത് തടുത്ത് നിർത്താനായിരുന്നില്ല.
മയക്കു മരുന്നിനെ പ്രതിരോധിക്കുന്ന അർജുമാന്റെ പ്രവർത്തനങ്ങൾ തങ്ങളുടെ പണംവരവിനെ ബാധിക്കുന്നതിൽ പ്രകോപിതരായാണ് ഭീകരർ ആ യുവാവിനെ നിഷ്കരുണം വകവരുത്തിയത്.ബാരാമുള്ളയിൽ ഒരു മെഡിക്കൽ ഷോപ്പിട്ട് പ്രവർത്തിച്ചിരുന്ന അർജുമാൻ മജീദ് ഭട്ട് താഴ്വരയിലെ യുവാക്കളെ ബാധിച്ച മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഭീകരരുടെ കണ്ണിലെ കരടായി മാറിയത്. താഴ്വരയിലെങ്ങും സെമിനാറുകളും ചെറിയ ക്ലാസുകളും സംഘടിപ്പിച്ച് ബോധവത്കരണം നടത്തിയ അർജുമാൻ നിരവധി യുവാക്കളെ പുതുജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരുന്നു.
അർജുമാൻ ഇന്ത്യൻ സൈന്യത്തിന്റെ ചാരനാണെന്നായിരുന്നു ഭീകരരുടെ കണ്ടെത്തൽ. അദ്ദേഹത്തിനെതിരെ ഭീഷണികൾ ഉയരുകയും ചെയ്തു, എന്നാൽ അതൊക്കെ അവഗണിച്ചായിരുന്നു അദ്ദേഹം സാമൂഹ്യപ്രവർത്തനം തുടർന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയായിരുന്നു ഭീകരർ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ബാരാമുള്ളയിലെ എല്ലാ ഭീകരരേയും ഇല്ലാതാക്കിയെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. പുറത്തു നിന്ന് എത്തിയ ഭീകരരായിരിക്കാം കൃത്യം ചെയ്തതെന്ന് സംശയിക്കപ്പെടുന്നുണ്ട്.
Post Your Comments