തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസാന നിമിഷം ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചത് 7.76 ലക്ഷം പേര്‍. ഇവരുടെ സൂക്ഷ്മപരിശോധന നാലിനകം പൂര്‍ത്തിയാകും.
വോട്ടര്‍ പട്ടികയില്‍ 6 ലക്ഷം പേരെങ്കിലും യോഗ്യരായാല്‍ അന്തിമ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം ഇപ്പോഴത്തെ 2.54 കോടിയില്‍ നിന്ന് 2.6 കോടിയിലേക്കെത്തും. ഓരോ മണ്ഡലത്തിലും നിലവിലുള്ള വോട്ടര്‍ പട്ടികയേക്കാള്‍ ശരാശരി 30,000 വോട്ടുകളുടെയെങ്കിലും വര്‍ധനയുണ്ടാകും.
ഇക്കഴിഞ്ഞ ജനുവരി 30 വരെയാണ് നേരിട്ടു പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. അതിനു ശേഷം മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ വഴി പേരു ചേര്‍ക്കാന്‍ സൗകര്യമൊരുക്കി. ഈ സൗകര്യമാണ് 7 ലക്ഷത്തിലേറെ പേര്‍ പ്രയോജനപ്പെടുത്തിയത്.
ജനുവരി ഒന്നിനു 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ഉല്‍സാഹിച്ചതോടെയാണ് ഇത്രയേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതെന്നാണു വിലയിരുത്തല്‍. റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതീക്ഷിച്ചതിലും വര്‍ധിച്ചതിനാല്‍ സൂക്ഷ്മപരിശോധന വൈകാനിടയുണ്ട്.
കേരളത്തില്‍ ആദ്യമായാണ് ഓണ്‍ലൈന്‍ വഴി ഇത്രയേറെപ്പേര്‍ ഒന്നിച്ചു പേരു ചേര്‍ക്കുന്നത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനില്‍ സംസ്ഥാനം മുന്‍നിരയിലാണ്.
Post Your Comments