കർഷകനല്ലേ,കള പറിക്കാനിറങ്ങിയതാ മാഡം”! നാളുകൾക്കു ശേഷം പ്രേക്ഷകഹൃദയങ്ങളെ കോരിത്തരിപ്പിച്ചു ബിഗ്സ്ക്രീനിൽ മുഴങ്ങിക്കേട്ട സൂപ്പർ ഡയലോഗ്!! “ലൂസിഫർ” പ്രഭാതത്തിന്റെ പുത്രൻ അഥവാ പ്രകാശവാഹകൻ. അഭിനേതാവിൽ നിന്ന് സംവിധായകനിലേയ്ക്കുള്ള കൂടുമാറ്റത്തിൽ പ്രിഥ്വിരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുകയാണ് “ലൂസിഫർ”നല്കിയ വെളിച്ചം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മോഹൻലാൽ, മഞ്ജു വാര്യർ,വിവേക് ഒബ്റോയ് സച്ചിൻ ഖേഢ്ക്കർ, ടൊവിനോ തോമസ്, സായ്കുമാർ,സംവിധായകൻ ഫാസിൽ ഷാജോൺ,ബൈജു എന്നിവർ മുഖ്യവേഷത്തിലെത്തിയ പ്രിഥ്വിരാജിന്റെ കന്നിച്ചിത്രം ഒരു ബോളിവുഡ് ചിത്രത്തിന്റെ മികവ് പുലർത്തി എന്ന് നിസ്സംശയം പറയാം. മോഹൻലാൽ എന്ന അതുല്യനടന്റെ അഭിനയസാധ്യതകളെ പുതുമുഖസംവിധായകൻ എന്ന നിലയിൽ പ്രിഥ്വിരാജ് ഏറ്റവും നന്നായി ഉപയോഗിച്ചിരിക്കുന്നു.
ഇന്ദ്രപ്രസ്ഥത്തിലെ പ്രശസ്തമായ സിനിമാ തീയേറ്ററിൽ,നിറഞ്ഞ സദസ്സിനൊപ്പമിരുന്നാണ് ലൂസിഫർ കണ്ടത്. തുടക്കം മുതൽ ഒടുക്കം വരെ കാണികളുടെ ആവേശത്തിമിർപ്പിനാൽ തീയറ്ററിനുൾവശം ഒരു കൊച്ചുകേരളമായി മാറിയിരുന്നു. സിനിമയിലെ സൂപ്പർതാരത്തിനൊപ്പം തന്നെ താരമായ കറുത്ത “”ലാൻഡ് മാസ്റ്റർ” കാറിന്റെയും(നടൻ നന്ദുവിന്റേതാണ് ആ കാർ) കിടിലൻ എൻട്രിയും തകർപ്പൻ ഡയലോഗുകളും,
നിറഞ്ഞ കരഘോഷത്തോടെയും ചൂളംവിളികളോടെയുമാണ് പ്രേക്ഷകരെതിരേറ്റത്.കുറേക്കാലങ്ങൾക്കു ശേഷം പഴയ ലാലേട്ടനെ കുറച്ചെങ്കിലും തിരിച്ചെടുക്കാൻ ലൂസിഫറിനു സാധിച്ചു.
ഇത്രയും പക്വതയാർന്ന,മികച്ച അഭിനേതാക്കളെ അതൊരു ചെറിയ കഥാപാത്രമായിരുന്നാൽ പോലും സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത സംവിധായകൻ തികച്ചും അഭിനന്ദനമർഹിക്കുന്നു. എസ്തപ്പാന്റെ സഹായിയായി “ആശ്രയ”യിലുണ്ടായിരുന്ന ഓരോ കഥാപാത്രവും ജീവസ്സുറ്റതായിരുന്നു. അതിമനോഹരമായ,റിയലസ്റ്റിക്കായ ലൊക്കേഷനുകളും അത്രയും മനോഹാരിതയോടെ ഓരോ ഷോട്ടും പകർത്തിയ ക്യാമറാമാൻ സുജിത് വാസുദേവും ഈ ചിത്രത്തിന് മുതൽക്കൂട്ടായി. പഴയ ഒരു മോഹൻലാൽ ഫീലുണർത്താൻ അദ്ദേഹത്തിന്റെ “സ്റ്റീഫൻ നെടുമ്പള്ളി”യുടെ കഥാപാത്രത്തിനായി എന്നതാണ് പ്രേക്ഷകരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്. മഞ്ജുവാര്യരുടെ പ്രിയദർശിനിയും സുന്ദരവില്ലനായി കടന്നുവന്ന വിവേക് ഒബ്റോയി,മികച്ച അഭിനയം കാഴ്ചവെച്ച ടൊവിനോ,ഇന്ദ്രജിത്ത്,ബൈജു എന്നിവരും ഈ ചിത്രത്തെ വിജയത്തിലെത്തിച്ചതിൽ ഏറ്റവും പ്രധാനികളാണ്.മികച്ച തിരക്കഥയും കിടിലൻ ഡയലോഗുകളുമായി മുരളി ഗോപി തന്റെ പ്രതിഭയെ വീണ്ടും മിനുക്കിയെടുത്തിരിക്കുന്നു.
ദീപക്ദേവിന്റെ സംഗീതസംവിധാനം പറയത്തക്ക പ്രത്യേകതകളൊന്നുമില്ലെങ്കിലും മോശമായില്ല. മുംബൈ ചേരികൾക്കിടയിൽ പ്രവർത്തിക്കുന്ന അധോലോകത്തെ ഒറിജിനാലിറ്റിയോടെ പരിചയപ്പെടുത്താൻ കഴിഞ്ഞു എന്നതു് ശ്രദ്ധേയമായ മറ്റൊരു പോസിറ്റീവാണ്.ഐറ്റംസോങ്ങ് ആ ഒറിജിനാലിറ്റിയുടെ ഭാഗമാണെന്നു മാത്രം കരുതുന്നു.എങ്കിലും മുതിർന്ന കുട്ടികൾക്കൊപ്പം ചിത്രം കാണുന്ന മാതാപിതാക്കൾക്ക് ഐറ്റംസോങ്ങും തമിഴൻ പോലീസിന്റെ വൃത്തികെട്ട സീനും ആരോചകമായി എന്നു പറയാതെ നിവൃത്തിയില്ല. സമകാലികരാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെയും, മാധ്യമധർമ്മത്തിന്റെ ആവശ്യകതയെയും ചോദ്യം ചെയ്തതു കൊണ്ടാവും ചിലരുടെയെങ്കിലും കണ്ണിൽ ലൂസിഫർ ഒരും കരടാവുന്നത്.പേരിനു പോലും പ്രണയമില്ലെങ്കിലും തീയറ്റർ വിട്ടിറങ്ങുമ്പോൾ പ്രിഥ്വിയോടും മോഹൻലാലിനോടുമുള്ള പ്രണയം കൂട്ടിയാണ് ഓരോ പ്രേക്ഷകനും പുറത്തിറങ്ങിയത്.എല്ലാ മുഖങ്ങളിലും സന്തോഷവും നിറഞ്ഞ ചിരിയും മാത്രം.””പ്രിഥ്വിരാജ്””താങ്കൾ അഹങ്കരിച്ചോളൂ.. സംവിധായകനെന്ന നിലയിൽ താങ്കൾ മലയാളസിനിമയ്ക്ക് മുതൽക്കൂട്ടാണ്!
Post Your Comments