തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അച്ഛന്‍ ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ഇവര്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ മേയിലാണ് ബിജു മരിച്ചത്. ഹൃദയാഘാതമാണെന്ന നിഗമനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. ബിജുവിന്റെ മൂത്തമകനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ ആനന്ദിന് ബിജുവിന്റെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി ബാബു പറഞ്ഞു. ബാബുവിന്റെ ഇളയ സഹോദരിയുടെ മകനാണ് അരുണ്‍. പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സി-ഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം.
പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുണ്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജു, അരുണിന് പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചപ്പോള്‍ മാത്രമാണെന്ന് ബാബു പറഞ്ഞു. വീട്ടുകാരുമായി ഏറെ വര്‍ഷമായി അരുണിന് ഒരു ബന്ധവുമില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണിയാള്‍.ബിജുവിന്റെ മരണത്തിനു പിന്നാലെ അരുണിന്റെ വരവ് ബന്ധുക്കളില്‍ സംശയം ഉയര്‍ത്തിയിരുന്നു.
ബിജുവും ഭാര്യയും തിരുവനന്തപുരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ വളരെ സന്തോഷത്തിലായിരുന്നതിനാല്‍ ഹൃദയാഘാതമാണെന്ന് ബിജുവിന്റെ ഭാര്യ പറഞ്ഞതില്‍ സംശയം തോന്നിയിരുന്നില്ലെന്നും ബാബു പറഞ്ഞു.കുട്ടികളോട് വലിയ അടുപ്പം കാണിച്ചാണ് ഇയാള്‍ യുവതിയുമായി ബന്ധമുണ്ടാക്കിയെടുത്തത്. മരിച്ച ഭര്‍ത്താവിന്റെ ആത്മാവ് തന്നോടൊപ്പം ഉള്ളതായി ഇയാള്‍ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടികളെ കാണാതെയിരിക്കാന്‍ വയ്യെന്ന പേരില്‍ അടുത്തുകൂടി വിശ്വാസം നേടിയെടുത്തതോടെ യുവതി ബന്ധുക്കളുടെ എതിര്‍പ്പ് മറികടന്ന് ഇയാളുമായി അടുപ്പമുണ്ടാക്കി.
ഭര്‍ത്താവ് മരിച്ച് ആറുമാസമായപ്പോള്‍ യുവതി അരുണിനൊപ്പം ഒളിച്ചോടി. ഇടയ്ക്ക് ഇവര്‍ പേരൂര്‍ക്കടയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. പേരൂര്‍ക്കട സ്‌കൂളിലാണ് കുട്ടി പഠിച്ചിരുന്നത്. ഇവിടെ നിന്നും ടി.സി. വാങ്ങിയാണ് ഇവര്‍ തൊടുപുഴയിലേക്ക് പോയത്. അരുണ്‍ ആനന്ദ് തിരുവനന്തപുരത്തെ ഗുണ്ടകളുടെ ഇഷ്ടതോഴനായിരുന്നു. നഗരത്തിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസുകളില്‍ പ്രതിയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ വിഹാര കേന്ദ്രമായിരുന്നു നന്തന്‍കോട്ടെ അരുണിന്റെ ഫ്ളാറ്റ്. മാത്രമല്ല കോബ്ര എന്ന അപരനാമത്തിലാണ് ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ അരുണ്‍ അറിയപ്പെട്ടിരുന്നത്.
ബാങ്ക് ജീവനക്കാരായ അച്ഛനമ്മമാരില്‍ രണ്ടു മക്കളില്‍ ഇളയ മകനായിരുന്നു അരുണ്‍ ആനന്ദ്. മൂത്ത സഹോദരന്‍ കരസേനയില്‍ ലെഫ്റ്റനന്റ് കേണലാണ്. പത്താം ക്ലാസ് വരെയാണ് അരുണ്‍ പഠിച്ചത്. ഇയാളുടെ അച്ഛന്‍ കെട്ടിടത്തില്‍നിന്നു വീണാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ബാങ്കിന്റെ മലപ്പുറം ശാഖയില്‍ ആശ്രിതനിയമനം ലഭിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം അതുപേക്ഷിച്ച് തിരുവനന്തപുരത്തെത്തി.ഗുണ്ടാസംഘവുമായി ചേര്‍ന്ന് മണല്‍ കടത്തിലേര്‍പ്പെട്ടു. പിന്നീട് അമ്മയെ ഭീഷണിപ്പെടുത്തി നന്തന്‍കോട്ടെ ഫ്ളാറ്റ് എഴുതിവാങ്ങി. പിന്നീട് അവിടെയായിരുന്നു താമസം.
ഇതോടെ മദ്യപാനത്തിനും ലഹരിഉപയോഗത്തിനും അടിമപ്പെട്ടു.ആഡംബരജീവിതം ഇഷ്ടപ്പെട്ടിരുന്ന അരുണ്‍ പണത്തിനായി ലഹരി കടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. വധംശ്രമം, അടിപിടി, പണം തട്ടല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായിരുന്നു.ഏഴും നാലും വയസ്സുള്ള ആ കുരുന്നുകള്‍ നേരിട്ടത് ക്രൂര പീഡനങ്ങളാണ്. തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അരുണ്‍ ഇവരുടെ ജീവിതത്തിലെ പേടിസ്വപ്നമായിരുന്നു. രണ്ടു കുട്ടികളേയും തൊഴിക്കുകയും മുഖത്തടിക്കുകയും അരുണിന്റെ സ്ഥിരം പണിയായിരുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പിടിയുള്ള വടിയും അടിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്. റാസ്‌കല്‍ എന്നാണ് കുട്ടികളെ വിളിച്ചിരുന്നത്. വാ പൊത്തിപിടിച്ച് മര്‍ദ്ദിക്കും. സിഗററ്റ് കുറ്റി കൊണ്ട് പൊള്ളിക്കും. വീട്ടു ജോലി ചെയ്യിക്കും. ചിലപ്പോള്‍ ഇളയ കുട്ടിയേയും മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചാല്‍ യുവതിയേയും കരണത്തടിക്കുകയും തൊഴിക്കുകയും പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.
Post Your Comments