Latest NewsKeralaIndia

യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം :അപരിചിതരായ ധാരാളം പേര്‍ നിത്യ സന്ദർശകർ, കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റും സ്ഥിരം കാഴ്ച

വിവാഹദിവസം തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവും അമ്മയും കൂടി ഊരി വാങ്ങി

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് തുഷാരയില്‍ തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയെ 5 വര്‍ഷം മുമ്പാണ് ഓയൂര്‍ ചെങ്കുളം കുരിശുംമൂട് പറങ്ങോട്ട് ചരുവിള വീട്ടില്‍ ചന്ദുലാല്‍ (30) വിവാഹം ചെയ്തത്. 20 പവന്റെ സ്വര്‍ണ്ണാഭരങ്ങള്‍ വിവാഹസമയത്ത് നല്‍കിയിരുന്നു. ഈ സമയത്ത് തന്റെ മകളെ ഒരു വിപത്തിലേക്കാണ് തള്ളിവിടുന്നതെന്ന് ആ പിതാവ് ചിന്തിച്ചതുപോലുമില്ല. സ്ത്രീധനമായി 2 ലക്ഷം രൂപ 3 വര്‍ഷത്തിനകം നല്‍കാമെന്നും പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം 3 പ്രാവശ്യം മാത്രമാണ് തുഷാര രക്ഷിതാക്കളെ കാണാനെത്തിയത്.

വിവാഹദിവസം തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍ത്താവും അമ്മയും കൂടി ഊരി വാങ്ങിയെന്ന് തുഷാര ന്നോട് പറഞ്ഞിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് തുഷാരയെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ച്‌ തുടങ്ങി. വിവാഹം നടത്തിയതിന്റെ കടം വീട്ടാന്‍ തുളസീധരന് 4 വര്‍ഷത്തോളം വേണ്ടി വന്നു. ഇതിനിടെ ഇവര്‍ നിരവധി തവണ ഓയൂരിലെത്തി മകളെ കണ്ടിരുന്നു. അപ്പോഴൊക്കെ പീഡനകഥകളാണ് രക്ഷിതാക്കളോട് പറയാനുണ്ടായിരുന്നത്.പീഡനം സഹിക്കവയ്യാതെ രണ്ട് പ്രാവശ്യം കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

ഭര്‍ത്താവും അമ്മായിയമ്മയും പുറത്തേക്ക് പോകുമ്പോള്‍ തുഷാരയെ വീടിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു പതിവ്. ഇതെല്ലാം സഹിച്ചാണ് മകള്‍ ഭർത്തൃവീട്ടില്‍ കഴിഞ്ഞിരുന്നതെന്ന് പിതാവ് തുളസീധരന്‍ നിറകണ്ണുകളോടെ പറയുന്നു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനില്‍ തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകളായ തുഷാര കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. രാത്രി 12 മണിയോടെ യുവതിയെ ഭര്‍ത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയില്‍ മരിച്ച നിലയില്‍ എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി ന്യുമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടര്‍ന്നാണ് പൂയപ്പള്ളി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഗീതലാല്‍ വീടിന് മുന്നില്‍ ക്ഷേത്രം കെട്ടി നടത്തുന്ന മന്ത്രവാദത്തിലും ആഭിചാരക്രിയകളിലും തുഷാരയേയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.

ഇവിടെ നിരവധി ആളുകള്‍ എത്തുമെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാത്തതും ദുരൂഹതയുണര്‍ത്തുന്നതാണ്. ദിവസങ്ങളോളം ആഹാരം ലഭിക്കാതെ ശരീരം ശോഷിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയ്ക്ക് ഭാരം. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും മാത്രമേ നല്‍കിയിരുന്നുള്ളൂ എന്നാണ് ചന്തുലാല്‍ പൊലീസിനോട് സമ്മതിച്ചത്.ഇത് ആഭിചാരക്രിയകള്‍ക്കായി യുവതിയെ ഉപയോഗിച്ചതിന്റെ ഭാഗമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

തൊട്ടടുത്തു തന്നെ താമസിക്കുന്ന ചന്തുലാലിന്റെ സഹോദരിക്കും ഭര്‍ത്താവിനും ഈ വീടുമായി അടുപ്പമുണ്ടെങ്കിലും അവരാരും തുഷാരയുടെ അവസ്ഥ പുറംലോകത്തെ അറിയിക്കാനോ ആശുപത്രിയില്‍ എത്തിക്കാനോ തയ്യാറാകാത്തതും ദുരൂഹത ഉയര്‍ത്തുന്നു. ഇവരെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തുഷാരയുടെ ബന്ധുക്കള്‍ പരാതി നല്കിയിട്ടുണ്ട്. പോലീസ് കേസെടുത്തത് സ്ത്രീധനത്തിന്റെപേരില്‍ കൊലപ്പെടുത്തിയെന്നാണ്. തുഷാര ദുര്‍മന്ത്രവാദത്തിനിരയായത് സംബന്ധിച്ച്‌ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി. ദിനരാജ് പറഞ്ഞു.അതേസമയം ഏറെ ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വീടിനെയും നാട്ടുകാരും പരിസരവാസികളും ഭയന്നിരുന്നുവെന്ന കാര്യവും പുറത്ത് വരുന്നുണ്ട്.

അപരിചിതരായ ധാരാളം പേര്‍ ഇവിടെ എത്തിയിരുന്നു. ശത്രു നിഗ്രഹത്തിനായി ദുര്‍മന്ത്രവാദങ്ങളിവിടെ ചെയ്തിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നാട്ടുകാരില്‍ നിന്നും അറിയുന്നത്. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളില്‍ കണ്ടിരുന്നു. പരിസരവാസികളെ അകറ്റിനിര്‍ത്തുന്നതിനായി തകരഷീറ്റുകൊണ്ട് ഉയരത്തില്‍ മറകെട്ടിയിരുന്നു, ഇത് കൂടാതെ വീടിന് മുന്നിലെ ഇരുമ്പ് ഗേറ്റ് ചങ്ങലകൊണ്ട് സദാസമയവും പൂട്ടിയിരുന്നു.മന്ത്രവാദത്തിനും ആഭിചാരക്രിയകള്‍ക്കുമായി ധാരാളംപേര്‍ ഇവിടെയെത്തിയിരുന്നു. അയല്‍വാസികളെയോ ബന്ധുക്കളെയോ ഇവര്‍ വീടിനകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

തകരഷീറ്റുകൊണ്ടു മറച്ച പരിസരം. മുന്നിലെ ചെറിയ ഇരുമ്പ് ഗേറ്റ് ചങ്ങലകൊണ്ട് പൂട്ടിയിട്ട നിലയിലായിരിക്കും. എല്ലാം പുറത്തുള്ളവരെ അകറ്റിനിര്‍ത്താനുള്ള മുന്‍കരുതലുകളായിരുന്നു. വീട് പുതുക്കിപ്പണിയാന്‍ പൊളിച്ചിട്ടിരിക്കുകയാണ്. വീട്ടുകാര്‍ താമസിക്കുന്നത് തകരഷീറ്റുകൊണ്ടുണ്ടാക്കിയ താത്കാലിക ഷെഡ്ഡില്‍. വീടിന്റെ കവാടത്തോടു ചേര്‍ന്ന് അടച്ചിട്ടിരിക്കുന്ന പൂജാമുറി. ഇവിടെയാണ് 27-കാരിയായ തുഷാരയെ ദുര്‍മന്ത്രവാദത്തെത്തുടര്‍ന്ന് പട്ടിണിക്കിട്ട് കൊന്നത്.കുടുംബത്തിന് ഐശ്വര്യമുണ്ടാവാന്‍ തടസ്സം തുഷാര ജീവിച്ചിരിക്കുന്നതാണെന്ന വിശ്വാസമാണ് ഇഞ്ചിഞ്ചായി കൊല്ലാന്‍ കാരണമായതെന്ന് അയല്‍വാസികള്‍ പറയുന്നു.

‘നീ ജീവിച്ചിരിക്കുമ്പോള്‍ ഈ കുടുംബത്തിന് ഒരു ഗുണവും പിടിക്കത്തില്ലടീ’ എന്നുപറഞ്ഞ് ഭര്‍ത്താവും അമ്മയും മര്‍ദിക്കാറുണ്ടെന്ന് തുഷാര പറഞ്ഞതായി അടുത്ത ബന്ധുവും വെളിപ്പെടുത്തിയിരുന്നു.ആഡംബര വാഹനങ്ങളില്‍ അപരിചിതരായ ആളുകള്‍ പതിവായി എത്തിയിരുന്നു എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകളും മറ്റു ഭാഗങ്ങളും പതിവായി പരിസരങ്ങളില്‍ കണ്ടിരുന്നു. ശത്രുക്കളെ നിഗ്രഹിക്കാന്‍ ആയിരം രൂപയും ഒരു കോഴിയെയും ഗീതാലാലിനെ ഏല്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു നാട്ടുകാര്‍ക്കിടയിലെ സംസാരം. നാട്ടുകാരെയും ഭയപ്പെടുത്തിയിരുന്നത് ദുര്‍മന്ത്രവാദത്തിന്റെ പേരുപറഞ്ഞായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button