പുനലൂര്‍: ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന് പുല്ലുവില. പൊരിവെയിലത്തും തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നു. കുന്നിക്കോട് ഗവ. ആശുപത്രിക്ക് മുമ്പില്‍ നട്ടുച്ചക്കും നിര്‍മാണ പ്രവര്‍ത്തനം തകൃതി. ആരോഗ്യവകുപ്പ് അധികാരികളുടെ കണ്‍മുന്നിലാണിത്. സൂര്യതാപം കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്നുവരെ പുറം ജോലി ചെയ്യരുതെന്ന കര്‍ശന നിര്‍ദേശം ഉണ്ടങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.
അതേസമയം, നിര്‍ദേശം നല്‍കിയിട്ടും കരാറുകാര്‍ അനുസരിക്കുന്നില്ലന്നാണ് ആരോഗ്യ വകുപ്പ് അധികാരികള്‍ പറയുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതും സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ മേഖലയിലാണ് ഇത്തരത്തില്‍ നിരോധിക്കപ്പെട്ട സമയത്ത് പുറം ജോലി ചെയ്യുന്നത്. ഏറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്.അധികാരികള്‍ പരിശോധന നടത്താത്തതു പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Post Your Comments