ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-ബിഎസ്പി സഖ്യത്തിനു തിരിച്ചടിയായി നിഷാദ് പാര്‍ട്ടി ബിജെപിയുമായി അടുക്കുന്നു. ഗോരഖ്പുരില്‍ ബിജെപിയെ വീഴ്ത്തിയ നിഷാദ് പാര്‍ട്ടി അഖിലേഷ്-മായാവതി സഖ്യംവിട്ട് എന്‍ഡിഎയില്‍ ചേരും. ഇതിന്റെ മുന്നോടിയായി നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് ലക്നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗൊരഖ്പുരില്‍നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപിയും സഞ്ജയ് നിഷാദിന്റെ മകനുമായ പ്രവീണും യുപി മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംഗും യോഗത്തില്‍ പങ്കെടുത്തു.
മഹാസഖ്യത്തില്നിന്നുമുള്ള യാത്രയിലാണ് തങ്ങള്‍. മറ്റൊന്ന് തെരഞ്ഞെടുക്കാന്‍ നോക്കുകയാണെന്നും വെള്ളിയാഴ്ച നിഷാദ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.എസ്പി-ബിഎസ്പി സഖ്യത്തില്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് നിഷാദ് പാര്‍ട്ടി സഖ്യം വിടുന്നത്. ഗോരഖ്പുരില്‍ നിന്ന് പ്രവീണ്‍ മത്സരിച്ചത് സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ നിഷാദ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
എന്‍ഡിഎയില്‍ ചേരുന്നതു സംബന്ധിച്ച് ബിജെപിയോ നിഷാദി പാര്‍ട്ടിയോ വ്യക്തമായ നിലപാട് പുറത്തുപറഞ്ഞിട്ടില്ല.ഗൊരഖ്പുര്‍ എംപിയായിരുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ നിഷാദ് പാർട്ടി ആയിരുന്നു ജയിച്ചത്.
Post Your Comments