KeralaLatest NewsIndia

കയ്യിൽ പണവുമായി തമിഴ്‌നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സിനിമാപ്രവര്‍ത്തകൻ

എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്.

കോഴിക്കോട്: വെക്കേഷന്‍ ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ അനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ഷാഫി ചെമ്മാടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ സുഹൃത്തുക്കളെ,

വെക്കേഷൻ കാലമാണ്. കുടുംബത്തോടൊപ്പവും മറ്റും തമിഴ്നാട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും മറ്റും യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്.
ഷൂട്ടിങ്ങ് ആവശ്യാർഥം കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി ഞങ്ങൾ ഊട്ടിയിലാണുള്ളത്.ഇലക്ഷനോടാനുബന്ധിച്ചുള്ള പോലീസ് ചെക്കിങ്ങിന്റെ ഭാഗമായി കോയമ്പത്തൂർ മുതൽ ഓരോ പോലീസ് സ്റ്റേഷൻ പരിതിയിലും വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്.പ്രത്യേകിച്ചും കേരള രജിഷ്ട്രേഷനുള്ള വാഹനങ്ങൾ. ഊട്ടിയിലേക്കുള്ള എല്ലാ പാതയോരങ്ങളിലും ഇരുപത്തിനാല് മണിക്കൂറും ഇതു തന്നെയാണ് അവസ്ഥ. എല്ലാ ദിവസവും ഷൂട്ടിങ്ങിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും നീണ്ട പരിശോധനയുണ്ടാവാറുണ്ട്.

നാലു ദിവസങ്ങൾക്ക് മുൻപു ഷൂട്ട് കഴിഞ്ഞു താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന ഞങ്ങളുടെ കാർ പരിശോധിക്കുകയും പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന നാൽപത്തി രണ്ടായിരം രൂപയും, മാനേജറുടെ കയ്യിൽ ഉണ്ടായിരുന്ന മുപ്പത്തിഒന്നായിരം രൂപയും ഡ്രൈവറുടെ കയ്യിൽ ഉണ്ടായിരുന്ന പതിനായിരം രൂപയും പരിശോധനയുടെ ഭാഗമായി പോലീസ് പിടിച്ചെടുത്തു.പ്രൊഡ്യൂസറുടെ കൈവശമുണ്ടായിരുന്ന പണം എ.ടി.എമ്മിൽ നിന്നും പിൻവലിച്ച സ്ലിപ്പ് കാണിച്ചിട്ടും അവർ പണം തിരികെ നൽകാൻ സമ്മതിച്ചില്ല. അൻപതിനായിരം രൂപ വരെ ഒരാൾക്ക് കൈവശം വെക്കാമെന്നിരിക്കെ മൂന്നു പേരിൽ നിന്നായിട്ടാണ് എൺപത്തിമൂന്നായിരം രൂപ അവർ പിടിച്ചെടുത്തത്.ഇതിനെ ചോദ്യം ചെയ്‌തപ്പോൾ ഒരേ വാഹനത്തിൽ നിന്നാണ് തുക മുഴുവൻ പിടിച്ചത് എന്നാണവർ പറഞത് .

പേടിക്കേണ്ട ആവശ്യമില്ലെന്നും നാളെ ആർ.ടി.ഒ ഓഫീസിൽ വന്നു അതാത് രേഘകൾ ഹാജരാക്കിയാൽ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞ് ഞങ്ങളുടെ പണം അവർ സീൽ ചെയ്തു കൊണ്ടുപോയി. പിറ്റേ ദിവസം ആർ.ടി.ഒ ഓഫീസിൽ ചെന്ന ഞങ്ങളോട് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ പോകാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയ ഞങ്ങൾ കണ്ടത് നീണ്ട ക്യൂവാണ് .കഴിഞ്ഞ ദിവസങ്ങളിൽ ചെക്കിങ്ങിൽ ഞങ്ങളെ പോലെ തന്നെ പണം നഷ്ടപെട്ടവരാണ് അവരെല്ലാവരും. അതിൽ തൊണ്ണൂറു ശതമാനവും മലയാളികളായിരുന്നു.ഒരു ദിവസത്തിനും, രണ്ട് ദിവസത്തിനുമായി കുടുംബത്തോടൊപ്പം യാത്ര വന്നവരും, പച്ചക്കറിയും മറ്റും എടുക്കാൻ വന്ന കച്ചവടക്കാരുമായിരുന്നു ഇവരിൽ അധികവും.

ഓഫീസിൽ ഡോക്യുമെന്റ്സ് എല്ലാം കാണിച്ച ഞങ്ങളോട് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും മൂന്ന് ദിവസങ്ങൾക്ക് ശേഷം ട്രഷറിയിൽ പോയാൽ പണം അവിടെ നിന്നും കൈപ്പറ്റാമെന്നും പറഞ്ഞു ഒരു സ്ലിപ്പും തന്നു .പുറത്തിങ്ങിയ ഞങ്ങൾ കണ്ടത് വിദേശത്തു നിന്നും നാട്ടിൽ വന്നു ഊട്ടിയിലേക്ക് യാത്ര വന്ന ഒരു മലയാളീ കുടുംബത്തെയാണ് .നാട്ടിലെ എ.ടി.എം കാർഡ് ഇല്ലാത്തത് കൊണ്ട് ബാങ്കിൽ നിന്നും ആവിശ്യത്തിനുള്ള പണം പിൻവലിച്ച് കയ്യിൽ സൂക്ഷിച്ചിരുന്നു.അവരുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ പണവും പോലീസ് പിടിച്ചെടുത്തു. ചെറിയ കുട്ടികൾ അടക്കമുള്ള ആ കുടുംബത്തിന് ഒരു നേരത്ത ഭക്ഷണത്തിനു പോലുമുള്ള പണം കയ്യിൽ ബാക്കി ഇല്ലായിരുന്നു.ഇത് അവരോട് പറഞ്ഞിട്ടും ഒരു മനഃസാക്ഷിയുമില്ലാതെ എല്ലാം അവർ കൊണ്ടുപോയി. കുറച്ചധികം ദിവസങ്ങൾ ഷൂട്ടിംങ്ങ് ആവശ്യാർഥം ഊട്ടിയിൽ തങ്ങുന്ന ഞങ്ങൾക്ക് താൽകാലികമായി ആ കുടുംബത്തെ സഹായിക്കാൻ സാധിച്ചുവെങ്കിലും ഇതുവരെയും ആ പണം തിരിച്ചു ലഭിക്കാത്തത് കൊണ്ട് ഞങ്ങളുടെ കൂടെ തങ്ങിയിരിക്കുകയാണ്.

അത് കൊണ്ട് കേരളത്തിൽ നിന്നും റോഡുമാർഗ്ഗം പുറത്തു പോകുന്ന എല്ലാവരും ഒന്നു കരുതിയിരിക്കുക: കൂടുതൽ പണം കയ്യിൽ കരുതാതിരിക്കുക.ഈ വിവരം നിങ്ങൾ ഷെയർ ചെയ്തു നിങ്ങളുടെ മറ്റു കൂട്ടുകാരേയും കുടുംബക്കാരേയും അറിയിക്കുക.ഈ വെക്കേഷൻ യാത്രകൾ ദുരിത പൂർണമാകാതിരിക്കട്ടെ.

shortlink

Post Your Comments


Back to top button