ഹൈദരാബാദ്: രാജ്യത്തെ ഒരു ലോക്‌സഭാ മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക്. തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലമാണ് ദേശീയ ശ്രദ്ധനേടിയിരിക്കുന്നത്. ഇവിടെ വോട്ടെടുപ്പില്‍ വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കാനാവില്ലെന്നതാണ് കാരണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദ് മണ്ഡലത്തില്‍ 185 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചത്. സ്ഥാനാര്‍ഥികളുടെ എണ്ണം 64 (63 സ്ഥാനാര്‍ഥികളും നോട്ടയും) കവിഞ്ഞാല്‍ വോട്ടിങ് യന്ത്രം പറ്റില്ലെന്നതിനാലാണ് ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കമ്മീഷന്‍ ആരംഭിച്ചത്.
ഇന്നലെയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പലരെയും പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം സജീവമായിരുന്നു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് 174 കര്‍ഷകരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആദ്യം ഇരുന്നൂറോളം കര്‍ഷകരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ പത്രിക പിന്‍വലിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയാണ് മണ്ഡലത്തിലെ ടിആര്‍എസ് സ്ഥാനാര്‍ഥി.ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി. ഏപ്രില്‍ 11നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്
Post Your Comments