NattuvarthaKerala

വിവിപാറ്റിനെ പരിചയപ്പെടുത്താന്‍ വോട്ട് വണ്ടിയും

കാസര്‍കോട് : ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരികരിക്കാനും വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ജില്ലയില്‍ വോട്ട്‌വണ്ടി പ്രചാരണം തുടങ്ങി. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ പര്യടനം തുടരുകയാണ് വോട്ട് വണ്ടി.

‘വരൂ തെരഞ്ഞടുപ്പ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം, ഒരു വോട്ടര്‍പോലും ഒഴിവാക്കപ്പെടരുത്’ എന്ന സന്ദേശത്തോടെയാണ് വോട്ട്‌വണ്ടിയുടെ പ്രയാണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പര്യടനം. ഒരു ദിവസം നാലു വില്ലേജുകളിലാണ് വണ്ടിയുടെ പര്യടനം. നാലു ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ഈ മാസം 30 ഓടെ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാക്കി 31 മുതല്‍ ഏപ്രില്‍ മൂന്നുവരെ ഉദുമയിലും ഏപ്രില്‍ നാലു മുതല്‍ ഏഴു വരെ കാഞ്ഞങ്ങാടും പര്യടനം നടത്തും. തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഏപ്രില്‍ എട്ടിന് ആരംഭിച്ച് എപ്രില്‍ 12 ഓടെ വോട്ട്‌വണ്ടി പര്യടനം പൂര്‍ത്തിയാക്കും.

ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകര്യതയാണ് വോട്ട്‌വണ്ടിക്ക് ലഭിക്കുന്നത്.
ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങലിലും വിവിപാറ്റ് മെഷീനാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും വോട്ടര്‍മാര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വോട്ട് ചെയ്യാനും വോട്ട്‌വണ്ടിയിലൂടെ സാധ്യമാകും.

വിവിപാറ്റ് മെഷീനിലൂടെ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ തന്റെ വോട്ട് രേഖപ്പെടുത്തപ്പെട്ടതെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ് വിവിപാറ്റ് മെഷീന്‍ ആദ്യമായി ഉപയോഗിച്ചത്. ഈ വര്‍ഷം എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് ഉപയോഗിക്കുന്നുണ്ട്. വോട്ടര്‍മാര്‍ വോട്ട് ചെയ്താല്‍ തൊട്ടടുത്തുള്ള വിവിപാറ്റ് മെഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്തത് അയാളുടെ പേര്, സീരിയല്‍ നമ്പര്‍, ചിഹ്നം തുടങ്ങിയവ ഏഴു സെക്കന്റോളം സ്‌ക്രീനില്‍ കാണാം. അതിനുശേഷം ഇതിന്റെ സ്ലിപ്പ് മെഷീനിനോട് അനുബന്ധിച്ചുള്ള ബോക്സില്‍ വീഴും. ഇങ്ങനെ ഓരോ വോട്ടര്‍മാരുടെയും സ്ലിപ്പ് വിവിപാറ്റ് മെഷീനിലെ ബോക്സില്‍ സൂക്ഷിക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button