KeralaLatest News

അമേരിക്കന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി: കേരളത്തില്‍ കൂടുതല്‍ നിക്ഷേപത്തിന് താല്പര്യം

തിരുവനന്തപുരം• ഐടി മേഖലയിലടക്കം കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ടൂറിസം രംഗത്ത് കൂടുതല്‍ സഹകരിക്കാനും അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് ഓഫീസിൽ നടത്തിയ ചര്‍ച്ചയിലാണ് അംബാസഡര്‍ ഇക്കാര്യം പറഞ്ഞത്.

ടൂറിസം, ബിസിനസ്സ്, ആരോഗ്യം മുതലായ മേഖലകളിലും സാങ്കേതിക രംഗത്തും കൂടുതല്‍ സഹകരിക്കാനുള്ള നിര്‍ദേശങ്ങള്‍ പരിഗണനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിശദാംശങ്ങള്‍ കോണ്‍സല്‍ ജനറലുമായി ചര്‍ച്ച ചെയ്യുന്നതാണ്. പ്രളയം നേരിടുന്നതിലും നിപ വൈറസിനെ പ്രതിരോധിക്കുന്നതിലും കേരളം സ്വീകരിച്ച നടപടികളെ കെന്നത്ത് ജസ്റ്റര്‍ അഭിനന്ദിച്ചു.

വെള്ളപ്പൊക്ക നിയന്ത്രണം ലക്ഷ്യമാക്കി കേരളം രൂപീകരിക്കുന്ന റിവര്‍ ബേസിന്‍ മാനേജ്മെന്‍റ് അതോറിറ്റിക്ക് അമേരിക്കയുടെ സാങ്കേതിക സഹകരണമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം വികസിപ്പിക്കുന്നതിനും സാങ്കേതിക സഹകരണം കേരളം പ്രതീക്ഷിക്കുന്നു. നദികള്‍ ശുചീകരിക്കുന്നതിലുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കാമെന്നും പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് കേരളം പ്രധാന കേന്ദ്രമായി വികസിച്ചുവരികയാണ്. ഗള്‍ഫ് മേഖയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ധാരാളം പേര്‍ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തില്‍ വരുന്നുണ്ട്. ഈ രംഗത്തും അമേരിക്കയുമായി സഹകരിക്കാന്‍ കഴിയും.

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാനുള്ള യത്നത്തിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തിലും സാങ്കേതിക സഹകരണം കേരളം പ്രതീക്ഷിക്കുന്നു.

ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്‍റെ ഭാഗമായ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സ്ഥാപിച്ചത്. ഉയര്‍ന്ന തലത്തിലുള്ള ഗവേഷണത്തില്‍ സഹകരിക്കാനും കേരളത്തിന് താല്പര്യമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു. ഏറ്റവും പുരാതനമായ കൊച്ചിയിലെ ജൂതപ്പള്ളിയുടെ കാര്യം അദ്ദേഹം എടുത്തുപറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button