ന്യൂഡല്‍ഹി: അമ്രപാലി ഗ്രൂപ്പിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി സുപ്രീം കോടതിയെ സമീപിച്ചു. ബ്രാന്‍ഡ് അംബാസഡറായതിന് കരാറില്‍ പറഞ്ഞിരുന്ന 40 കോടിയോളം രൂപ കുടിശിക വരുത്തിയതോടെയാണ് ധാണി സുപ്രീം കോടതിയെ സമീപിച്ചത്.
കരാര്‍ തുകയും പലിശയുമുള്‍പ്പെടെ 40 കോടിയോളം രൂപ ലഭിക്കാന്‍ കോടതി ഇടപെടണമെന്ന് ധോണിയുടെ ഹര്‍ജിയില്‍ പറയുന്നു.
ആറ് വര്‍ഷത്തെ കരാര്‍ തുകയായ 22.53 കോടി രൂപയും അതിന്റെ പലിശയായ 16.42 കോടി രൂപയും അമ്രപാലി ഗ്രൂപ്പ് നല്‍കിയിട്ടില്ലെന്ന് ധോണി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ധോണിയെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ കമ്പനി മാര്‍ക്കറ്റിംഗിനും ബ്രാന്‍ഡിംഗിനും ഉപയോഗിച്ചിരുന്നു.പിന്നീട് അമ്രപാലി ഗ്രൂപ്പിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന് വന്നതോടെയാണ് താരം കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഫ്ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 46,000 ഇടപാടുകാരെ കബളിപ്പിച്ചെന്നായിരുന്നു അമ്രപാലി ഗ്രൂപ്പിനെതിരെയുള്ള മുഖ്യപരാതി.
ധോണി വന്‍ തട്ടിപ്പ് നടത്തുന്ന കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും ആരോപണം ചിലര്‍ ഉന്നയിച്ചു. അമ്രപാലി ഗ്രൂപ്പ് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ധോണിയുടെ ഭാര്യ സാക്ഷി പങ്കാളിയായിരുന്നു. ഇതാണ് ധോണിക്കെതിരെ ആക്ഷേപം ശക്തമാക്കിയത്.2009ലാണ് ധോണി കെട്ടിടനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന അമ്രപാലി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടുന്നത്.
Post Your Comments