എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാല അദ്ധ്യാപകൻ, വിവാദമായപ്പോൾ ന്യായീകരണവുമായി രംഗത്ത്

മത വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികളെന്നും, നിങ്ങളെ വെറുക്കുന്നുവെന്നും അധ്യാപകന്‍ പറയുന്ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മലപ്പുറം : പൊന്നാനി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മുതിര്‍ന്ന നേതാവുമായ പ്രൊഫസര്‍ വിടി രമയെ ആക്ഷേപിച്ച് മലയാള സര്‍വ്വകലാശാലയിലെ അദ്ധ്യാപകൻ.തിരൂര്‍ മലയാള സര്‍വകലാശാലയില്‍ മലയാള വിഭാഗം അധ്യാപകനായ മുഹമ്മദ് റാഫി എന്നയാളാണ് ലൈബ്രറിയില്‍ വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയെ അപമാനിച്ചത്.മത വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകാരികളെന്നും, നിങ്ങളെ വെറുക്കുന്നുവെന്നും അധ്യാപകന്‍ പറയുന്ന വീഡിയൊ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വളരെ മോശമായാണ് ഇയാള്‍ വനിത കൂടിയായ സ്ഥാനാര്‍ത്ഥിയോട് പ്രതികരിക്കുന്നത്. ഇതിന്റെ വീഡിയൊ ഉള്‍പ്പടെ വി ടി രമ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.’സര്‍വകലാശാലയില്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സംഘവും പരാതി കൊടുക്കാന്‍ തയ്യാറാവാത്തതുകൊണ്ടും ഈ പ്രശ്‌നത്തോട് മാന്യമായി ഇടപെട്ടതുകൊണ്ടും നടപടികള്‍ ഒന്നും ഉണ്ടാവില്ലെന്നാണ് അറിഞ്ഞത്. അവരുടെ കൂടെ ഉണ്ടായിരുന്ന മീഡിയ വണ്‍ ചാനലുകാരനാണ് ഇപ്പോള്‍ പരാതി.’ എന്നിങ്ങനെയാണ് സംഭവത്തെ കുറിച്ച്‌ മുഹമ്മദ് റാഫി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.

മുഹമ്മദ് റാഫിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

സർവകലാശാലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല. ബി.ജെ.പി സ്ഥാനാർത്ഥിയും സംഘവും പരാതി കൊടുക്കാൻ തയ്യാറാവാത്തതുകൊണ്ടും ഈ പ്രശ്നത്തോട് മാന്യമായി ഇടപെട്ടതുകൊണ്ടും നടപടികൾ ഒന്നും ഉണ്ടാവില്ലെന്നാണ് അറിഞ്ഞത്. അവരുടെ കൂടെ ഉണ്ടായിരുന്ന മീഡിയ വൺ ചാനലുകാരനാണ് ഇപ്പോൾ പരാതി.ഞാൻ അയാളെ കൈയേറ്റം ചെയ്തത്രെ. ലൈബ്രറിയിൽ വെച്ച് ഞാനും അയാളും തമ്മിൽ വാക്കേറ്റമുണ്ടായി എന്നത് നേരാണ്. തെളിവുകൾ സി.സി.ടി.വിയിൽ ഉണ്ട്. എന്റെ ഓരോ വാക്കുകളും ഒന്നിലധികം ക്യാമറകൾ ഒപ്പിയെടുത്തിട്ടുണ്ട്.

ഒരു സ്ഥാനാർത്ഥിക്ക് വോട്ടഭ്യർത്ഥിക്കാനുള്ള അവകാശം പോലെ തന്നെ ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യില്ല എന്നു പറയാൻ ഒരു വോട്ടർക്കും അവകാശമുണ്ട്. സ്ത്രീ സ്ഥാനാർത്ഥിയായ പ്രൊഫസർ സ്ത്രീകളോട് മര്യാദക്ക് പെരുമാറാൻ താങ്കൾ ബാധ്യസ്ഥനല്ലേ എന്നു ചോദിച്ചപ്പോൾ ഗുജറാത്തിലെ സൈറാബാനുവിനോട് നിങ്ങളുടെ പാർട്ടി മാന്യമായാണോ പെരുമാറിയിരുന്നത് എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഇത്രയുമാണ് നടന്നത്. പിന്നെ മീഡിയാ വൺ ചാനലുകാരന്റെ കാര്യം.എനിക്ക് നിങ്ങൾക്ക് ബൈറ്റ് തരാൻ താൽപര്യമില്ലെന്ന് ഞാൻ പറഞ്ഞു.

ബി.ജെ.പി ക്കാരുടെ ബൈറ്റ് എടുത്തിട്ടുണ്ടന്നും നിങ്ങൾ സംഭവം എന്താണ് എന്ന് പറഞ്ഞാൽ നന്നായിരുന്നു എന്നും പറഞ്ഞു. പറഞു കഴിഞ്ഞപ്പോൾ അയാൾ എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞു. നിങ്ങൾ ആരാണ് എന്നായി അടുത്ത ചോദ്യം. അതെനിക്കു തന്നെ അറിയാത്ത ഉത്തരമാണ്. താൻ അന്വേഷിച്ചു കണ്ടു പിടിച്ചു തന്നാൽ ഉപകാരം എന്നാണ് പറഞ്ഞത്. പിന്നെ എന്നെ പഠിപ്പിക്കാൻ വന്നപ്പോൾ വാക്കേറ്റമായി. ആർ എസ് എസ് കാരുടെ വാലിൽ കെട്ടി തൂങ്ങി നടക്കുന്ന നിങ്ങളോട് എനിക്ക് ഒട്ടും മമതയില്ല. കടന്നു പോ പുറത്ത് എന്നും പറഞു.
ഇത്രയുമാണ് സംഭവിച്ചത്, ഞാൻ തെറ്റുകാരനാണോ ഇനി പറയു .

Share
Leave a Comment