CricketLatest NewsNews

ഐപിഎല്‍ വിവാദ വിക്കറ്റ്: ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനം

ജയ്പുര്‍: ഐപിഎലില്‍ മങ്കാദിംഗ് രീതി അവലംബിച്ച കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍. അശ്വിനെതിരേ രൂക്ഷ വിമര്‍ശനം. അശ്വന്‍ ക്രിക്കറ്റിന്റെ ശരായായ സ്പിരിറ്റ് നഷ്ടപ്പെടുത്തിയെന്നാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്‌ലറെ പുറത്താക്കാനാണ് അശ്വിന്‍ മങ്കാദിംഗ് രീതി സ്വീകരിച്ചത്.

പഞ്ചാബ് ഉയര്‍ത്തിയ 185 വിജയലക്ഷ്യത്തിലേക്കു റോയല്‍സ് ബാറ്റുചെയ്യവെ, ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലെ അവസാന പന്തിലായിരുന്നു വിവാദ സംഭവം. അശ്വിന്‍ പന്ത് എറിയുന്നതിനു മുന്‍പു നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലായിരുന്ന ബട്‌ലര്‍ ക്രീസ് വിട്ടു പുറത്തിറങ്ങി. ഇതുകണ്ട അശ്വിന്‍ ബട്‌ലറെ റണ്ണൗട്ടാക്കുകയായിരുന്നു. 43 പന്തില്‍ 69 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റു ചെയ്യവെയാണ് സംഭവം. അശ്വിന്‍ അപ്പീല്‍ ചെയ്തതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു. റീപ്ലേകളില്‍ ബട്‌ലര്‍ ക്രീസിനു പുറത്തായിരുന്നെന്നു വ്യക്തമായി. മൂന്നാം അമ്പയര്‍ ഔട്ട് വിധിച്ചു. പുറത്താക്കിയ രീതിയില്‍ അവിശ്വസനീയത പ്രകടിപ്പിച്ച ബട്‌ലര്‍ അശ്വിനോടു തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്റു നിലത്തടിച്ചു നിരാശയോടെയാണു ബട്‌ലര്‍ മടങ്ങിയത്.

ക്രിക്കറ്റ് നിയമപ്രകാരം ഇതു വിക്കറ്റാണെങ്കിലും, ഇത്തരം സാഹചര്യങ്ങളില്‍ ബൗളര്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റ്‌സ്മാനു മുന്നറിയിപ്പ് നല്‍കുകയാണു പതിവ്. എന്നാല്‍ ബട്‌ലര്‍ക്കെതിരേ അതിനൊന്നും തയാറാകാതെ അശ്വിന്‍ വിക്കറ്റിന് അപ്പീല്‍ ചെയ്യുകയായിരുന്നു. മുന്‍പ് ഇന്ത്യന്‍ ദേശീയ ടീമിനായി കളിക്കവെ ശ്രീലങ്കന്‍ താരം ലഹിരു തിരിമനെയേയും ഇത്തരത്തില്‍ പുറത്താക്കാന്‍ അശ്വിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നു ടീമിനെ നയിച്ച വീരേന്ദര്‍ സെവാഗ് അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button