തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സൂര്യതാപം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശം നൽകി. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.
ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം ഉണ്ടാവുകയും ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും ഇത് തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.
Post Your Comments