തൊടുപുഴ : ജനങ്ങളെ ദുരിതത്തിലാഴ്ത്തി വൈദ്യുതിയും ശുദ്ധജലവും മുടങ്ങുന്നത് പതിവാകുന്നു. പുതിയ ലൈന്‍ വലിക്കുന്നതിന്റെ പേരിലാണ് നഗരത്തില്‍ ഇപ്പോള്‍ പകല്‍ വൈദ്യുതി പതിവായി മുടങ്ങുന്നത്. പരീക്ഷാക്കാലമായതിനാല്‍ വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ഥികളെയാണ് ബുദ്ധിമുട്ടിക്കുന്നത്.
ഇന്നലെ പകല്‍ ഇടുക്കി റോഡില്‍ 11 കെവി ലൈന്‍ കേബിളിലാക്കുന്നതിനായി പണികള്‍ നടത്തുന്നതിനായി ലൈന്‍ ഓഫ് ചെയ്താണ് ജനങ്ങളെ കെഎസ്ഇബി പ്രതിസന്ധിയിലാക്കിയത്. നഗര മേഖലയില്‍ വൈദ്യുതി നിലച്ചതോടെ വ്യാപാര കേന്ദ്രങ്ങളും വീടുകളിലുമുള്ളവരും വളരെയധികം ബുദ്ധിമുട്ടി. അവധി ദിവസമായ ഇന്നലെ വീട്ടിലിരുന്നവരെല്ലാം അസഹ്യമായ ചൂടില്‍ വെന്തുരുകി.
പകല്‍ അതികഠിനമായ ചൂട് ഉള്ള സമയത്ത് മുഴുവന്‍ സമയവും വൈദ്യുതി വിച്ഛേദിച്ച് നടത്തുന്ന അറ്റകുറ്റപണികള്‍ അവസാനിപ്പിക്കണമെന്നാണ് നഗരവാസികളുടെ അഭ്യര്‍ഥന. രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത് . എന്നാല്‍ ലൈന്‍ പണി വൈകിട്ട് വരെ തുടര്‍ന്നതിനാല്‍ സന്ധ്യ വരെ നഗരത്തില്‍ വൈദ്യുതി ഉണ്ടായില്ല.
വൈദ്യുതി മുടക്കത്തിനു പുറമേ ശുദ്ധജല വിതരണം മുടങ്ങുന്നതും നഗരവാസികളെ വലയ്ക്കുന്നു. പല ഭാഗത്തും പൈപ്പുകള്‍ തകരാറിലാണെങ്കിലും ഇത് നന്നാക്കാന്‍ തയാറാകാത്തതാണ് ജലവിതരണം നിലയ്ക്കാന്‍ കാരണമെന്നാണ് പരാതി. പാലാ റോഡില്‍ ചുങ്കം ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി വെളളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെങ്കിലും ഇവിടേക്കു ആരും തിരിഞ്ഞു നോക്കുന്നില്ല.
ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ല. ഇത്തരത്തില്‍ നഗര മേഖലയില്‍ പല ഭാഗത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പമ്പിങ് പല ദിവസങ്ങളിലും മുടങ്ങുകയാണെന്നും പരാതിയുണ്ട്. ശുദ്ധജലം കിട്ടാതായതോടെ ഗ്രാമീണ മേഖലകളിലും മറ്റും ഉളളവര്‍ പണം കൊടുത്ത് വെള്ളം വാങ്ങി കുടിക്കേണ്ട അവസ്ഥയാണ്. പല ഭാഗത്തും ഉറവകള്‍ വറ്റിത്തുടങ്ങിയതോടെ ജനം വറുതിയിലാണ്.
Post Your Comments