കോട്ടയം : കഞ്ചാവ് മാഫിയാ തലവന്റെ അറസ്റ്റോടെ പുറത്തുവരുന്നത് അവിശ്വസനീയമായ വിവരങ്ങള്‍. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ 3 സംസ്ഥാനങ്ങളില്‍ 40 വര്‍ഷമായി കഞ്ചാവ് ഇടപാട് നടത്തുന്ന മാഫിയാ സംഘത്തിന്റെ തലവനാണ് പൊലീസിന്റെ പിടിയിലായത്. കോട്ടയത്തു രഹസ്യ ഇടപാടിനെത്തിയപ്പോഴാണു തമിഴ്‌നാട്, കമ്പം ഉത്തമപുരം ശിങ്കരാജ് (പാണ്ഡ്യന്‍ -63) പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍നിന്നു ബെംഗളുരുവില്‍ എത്തിക്കുന്ന കഞ്ചാവ് പിന്നീട് പാസഞ്ചര്‍ ട്രെയിനുകളിലും ചരക്കു വാഹനങ്ങളിലും കയറ്റിയാണു കമ്പത്തെത്തിച്ചിരുന്നത്.കിടപ്പു മുറിയില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി അതിലാണു കഞ്ചാവു സൂക്ഷിച്ചിരുന്നത്. സുരക്ഷയ്ക്കായി പത്തോളം നായ്ക്കളുമണ്ട്. പുലര്‍ച്ചെ രണ്ടു മുതല്‍ രാവിലെ 7 വരെയുള്ള സമയത്താണു പ്രധാന കച്ചവടം. 5 മുതല്‍ 10 ലക്ഷം രൂപയുടെ വരെ കഞ്ചാവാണ് ഈ സമയത്തു വില്‍ക്കുന്നത്. നേരിട്ട് ഇടപാടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്ത ശിങ്കരാജ് സ്ത്രീകളെ ഇടനിലക്കാരായി നിര്‍ത്തിയാണ് വില്‍പന. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘമാണു പ്രധാന ഇടപാടുകാര്‍.
ഏതു വലിയ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ 10 അംഗ അഭിഭാഷക സംഘം, എന്തും ചെയ്യാന്‍ തയാറായി നില്‍ക്കുന്ന ഗുണ്ടകള്‍, കടിച്ചു കീറാന്‍ ഒരുങ്ങി നായ്ക്കളുടെ കൂട്ടം. ഉത്തമപുരം കോളനിയില്‍ രാജാവായി വിലസിയ ശിങ്കരാജിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസിനെപ്പോലും ഞെട്ടിച്ചു. ശിങ്കരാജാണു ദക്ഷിണേന്ത്യയില്‍ കഞ്ചാവെത്തിക്കുന്നതില്‍ പ്രമുഖനെന്നു കണ്ടെത്തിയതു മുതല്‍ ഇയാളുടെ നീക്കങ്ങള്‍ പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
എല്ലാ ജില്ലകളില്‍ നിന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ശിങ്കരാജിനെത്തേടി കമ്പത്തെത്തിയിരുന്നു. ഗുണ്ടകളുടെ കാവലിലാണ് ഓരോ ഇടപാടുകളും. ആദ്യമായാണു ശിങ്കരാജ് കേരള പൊലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ ഇതുവരെ ഒരു കേസ് മാത്രമാണു കേരളത്തിലുണ്ടായിരുന്നത്.
Post Your Comments