റാന്നി: ശബരിമല യുവതി പ്രവേശന കേസില്‍ നിരോധനാജ്ഞ ലംഘിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. നിരോധനം ലംഘിച്ച് പമ്പ ഗണപതി കോവിലിനു സമീപം സമരം ചെയ്ത സംഭവുമായി ബന്ധപ്പെട്ട കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് സ്ഥാനാര്‍ഥികളായ ബെന്നി ബഹനാന്‍, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് ഗ്രാമന്യായാലയ അധികാരി സൂര്യ എസ്. സുകുമാരന്‍ ജാമ്യം അനുവദിച്ചു. ഇന്നലെ നേരിട്ട് ഹാജരായാണ് 4 പേരും ജാമ്യമെടുത്തത്.കഴിഞ്ഞ നവംബര്‍ 20ന് ആണ് സംഭവം. നിരോധനാജ്ഞ നിലനില്‍ക്കെ നിയമ വിരുദ്ധമായി സംഘടിച്ചു, സ്വാമി ഭക്തര്‍ക്കും ക്ഷേത്രത്തിലെത്തിയ വിശ്വാസികള്‍ക്കും മാര്‍ഗ തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തി 143, 147, 283, 188, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
ഇവരടക്കം 17 നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കും എതിരെയാണ് കേസ്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കേസില്‍ ഒന്നാം പ്രതി. എംഎല്‍എമാരായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, നേതാക്കളായ ജോണി നെല്ലൂര്‍, ദേവരാജന്‍, തോപ്പില്‍ ഗോപകുമാര്‍, അനീഷ് വരിക്കണ്ണാമല, പഴകുളം മധു, ജോസഫ് എം. പുതുശേരി, ലതിക സുഭാഷ്, വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നിവരാണ് മറ്റു പ്രതികള്‍.അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പോകാന്‍ എത്തിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരെ വിടാനാകില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
Post Your Comments