ബീജിംഗ്: ആള്‍ക്കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റിയ ഡ്രൈവറെ പോലീസ് വെടിവെച്ചു കൊന്നു. മധ്യ ചൈനയിലെ ഹ്യൂബേയിലാണ് സംഭവം. വെള്ളിയാഴ്ച നടന്ന അപകടത്തില്‍ ആറ് പേര് മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൈനീസ് സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം ഉണ്ടായതെന്ന് ഇംഗ്ലീഷ് മാധ്യമം സിജിടിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം അക്രമിയുടെ ഉദ്ദേശം എന്തായിരുന്നെന്നോ മറ്റുമുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരിക്കേറ്റവരെ കാല്‍നടയാത്രക്കാര്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ കാണാം. വ്യക്തിവൈരാഗ്യത്തിന്റെ പേരിലും മറ്റുമുളള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ചൈനയില്‍ കുറച്ച് നാളുകളായി വര്‍ധിച്ചുവരികയാണ്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂടുതലുളള സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ പതിവാകുകയാണ്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ സെപ്തംബറില്‍ ചൈനയില്‍ ആള്‍ക്കൂട്ടത്തിന് നേരെ എസ് യു വി കാര്‍ ഇടിച്ചുകയറി 11 പേര് മരിച്ചിരുന്നു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലായിരുന്നു സംഭവം.
Post Your Comments