കടയ്ക്കല്‍ : ശുചിമുറിയില്‍ പോകണമെന്ന് അപേക്ഷിച്ചിട്ടും അധ്യാപിക അനുവദിക്കാത്തതിനെ തുടര്‍ന്ന് എസ്എസ്എല്‍സി വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്.
എസ്എസ്എല്‍സി രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ എത്ര കേണപേക്ഷിച്ചിട്ടും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക വിദ്യാര്‍ത്ഥിക്ക് ശൗചാലയത്തില്‍ പോകാന്‍ അനുമതി നല്‍കിയില്ല. കൂടാതെ പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക തയ്യാറായില്ല.. എന്നാല്‍ പരീക്ഷ കഴിഞ്ഞാണ് സ്‌കൂള്‍ അധികൃതര്‍ ഈ വിവരം അറിഞ്ഞത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ വീട്ടിലേയ്ക്ക് അയച്ചു.
എന്നാല്‍ ഇക്കാര്യം കുട്ടി രക്ഷിതാക്കളേയും അറിയിച്ചിരുന്നില്ല. ബുധനാഴ്ച മാത്രമാണ് രക്ഷിതാക്കള്‍ ഈ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍
അധ്യാപികയ്‌ക്കെതിരേ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. അധ്യാപിക കാരണം മകന് മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്നും വേണ്ടവിധം പരീക്ഷയെഴുതാനായില്ലെന്നും മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് പരാതി.
Post Your Comments