Latest NewsComputerNewsMobile Phone

തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പോരാളി വാസു രംഗത്ത്

തെരഞ്ഞെടുപ്പ് ചൂട് അടുക്കുകയാണ്. കേരളത്തില്‍ മത്സരം എപ്പോഴും കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. ഫ്ലെക്സ് നിര്‍ത്തലാക്കിയതോടെ ചുവരെഴുത്തുകാര്‍ക്കും ഇന്ന് ഡിമാന്ഡ് കൂടുതലാണ്. അതുപോലെത്തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ഇലക്ഷന്‍ പ്രചരണവും. ചിലവ് ഒട്ടും വേണ്ടാത്തതിനാലും കൂടുതല്‍ ക്രിയാത്മകമായി പ്രചരണം നടത്താമെന്നതും രാഷ്ട്രീയക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയക്കുള്ള പ്രിയം വര്‍ദ്ധിപ്പിക്കുകയാണ്. അതിനിടെ സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രവുമായി പുറത്തിറങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ സൈബര്‍ മുഖമായ പോരാളി ഷാജിയെ വെട്ടാന്‍ പോരാളി വാസുവുമായാണ് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ പോരാളി ഷാജി പേജില്‍ അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഫേസ്ബുക്കിലുള്ള സൈബര്‍ സഘാക്കള്‍ക്ക് ആശയവനിമയത്തിനുള്ള ഒരിടം കൂടിയാണിത്. സൈബര്‍ സ്‌പെയ്‌സില്‍ സിപിഎമ്മിന്റ കടന്നാക്രമണത്തിനും പ്രതിരോധ തന്ത്രങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന ഫെയ്‌സ് ബുക്ക് പേജ്. ആരേയും രാഷ്ട്രീയമായി കടന്നാക്രമിക്കും. ചിലപ്പോഴെല്ലാം സീമകള്‍ക്ക് അപ്പുറത്തേക്കുള്ള പ്രതികരണം രേഖപ്പെടുത്തും. അങ്ങനെ സൈബര്‍ സഖാക്കളുടെ ആശയ സംവാദത്തിനുള്ള ഇടമായി ഫേസ്ബുക്കിലെ പോരാളി ഷാജി മാറി. കോണ്‍ഗ്രസിനേയും ബിജെപിയേയും കടന്നാക്രമിച്ച് മതേതര വോട്ടുകള്‍ സിപിഎമ്മിന് ഉറപ്പിക്കാനുള്ള ദൗത്യവുമായി പോരാളി ഷാജി മുന്നേറ്റം തുടരുന്നതിനിടെയാണ് പോരാളി വാസുവിന്റെ രംഗപ്രവേശം.

വാസു പിറന്നിട്ട് അധികനാളായിട്ടില്ല. അതുകൊണ്ടുതന്നെ അംഗങ്ങളും കുറവാണ്. ഇരുപത്തിഅയ്യായിരത്തോളമേയുള്ളൂ വാസുവിന്റെ പേജിനു ലൈക്ക് അടിച്ചവര്‍. ഏത് വിധേനേയും ഷാജിയെ തര്‍ക്കുകയാണ് വാസുവിന്റെ ലക്ഷ്യം. ട്രോളുകളും എതിരാളിയുടെ പ്രസംഗത്തിനുള്ള കുറിക്കുകൊള്ളുന്ന മറുപടികളും ചരിത്രം കുത്തിപ്പൊക്കി ഓര്‍മപ്പെടുത്തലും ആവേശകരമായ പ്രസംഗങ്ങളുടെ വിഡിയോകള്‍ പോസ്റ്റ് ചെയ്യലുമെല്ലാമാണ് ഷാജിയും വാസുവും ചെയ്യുന്നത്. ചിലയിടത്തെല്ലാം ചര്‍ച്ചകളിലും ചൂടോടെ ഇടപെടുകയും ചെയ്യുന്നുണ്ട്.. തിരഞ്ഞെടുപ്പ് അടുത്തതോടെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇരുവരും. സിപിഎമ്മിനുവേണ്ടി നേരത്തേതന്നെ രംഗത്തുള്ള തിരുവാലി സഖാക്കള്‍, കൊണ്ടോട്ടി സഖാക്കള്‍, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങി സഖാക്കള്‍, ചുവപ്പ്, വിപ്ലവം തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തുള്ള പേരുകളുമായി ഒട്ടേറെ ഇടതു ഗ്രൂപ്പുകളും സൈബറിടത്തില്‍ സജീവമാണ്. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് പോരാളി വാസുവുമായെത്തുന്നത്.

കോണ്‍ഗ്രസ്, ത്രിവര്‍ണം തുടങ്ങി പലപേരുകളില്‍ കോണ്‍ഗ്രസ് അനുഭാവികളും പേജുകള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സജീവമായിവരുന്നതേയുള്ളൂ. എകെ ആന്റണിയുടെ മകന്‍ അനിലിനാണ് വാസുവിന്റെ മുഖ്യ ചുമതല. ഈ ടീമാണ് പോരാളി വാസുവിനെ അവതരിപ്പിക്കുന്നതെന്നാണ് സൂചന. കൂടാതെ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം.കെ.രാഘവനുവേണ്ടി ട്രോളുന്ന രാഘവേട്ടന്റെ കോഴിക്കോട്, കണ്ണൂരിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ പി.കെ.ശ്രീമതിക്കുവേണ്ടിയുള്ള എന്റെ ടീച്ചര്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിക്ക സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയും പ്രത്യേക പ്രചാരണ പേജുകള്‍ തുടങ്ങിയിട്ടുണ്ട്.

കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് അമൃതാ ഹോസ്പിറ്റലിനെതിരായി ഉയര്‍ന്ന ആരോപണങ്ങളും ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ‘പോരാളി ഷാജി’ക്കെതിരായ അന്വേഷണവും അവസാനിപ്പിച്ച പൊലീസ് നടപടി ഏറെ ചര്‍ച്ചയായിരുന്നു. അമൃത ആശുപത്രിയിലെ നഴ്സ് ബലാത്സംഗത്തിന് ഇരയായി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെയായിരുന്നു പരാതി. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എആര്‍ പ്രതാപനാണ് ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഇതിനിടെ ഗള്‍ഫില്‍ നിന്നാണ് പോരാളി ഷാജിയെന്ന ഫേസ്ബുക്ക് പേജിലേക്ക് പ്രധാനമായും പോസ്റ്റുകള്‍ അപ്ഡേറ്റ് ചെയ്യുന്നതെന്നാണ് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു രാജ്യത്ത് നിന്ന് പോസ്റ്റ് ചെയ്തതായതിനാല്‍ ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐപി അഡ്രസ് മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിലാണ് വിദേശത്ത് വച്ചാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായത്. ഇത്തരത്തില്‍ നിരവധി വ്യാജ അറിയിപ്പുകളിലൂടെ ജനങ്ങളെ വട്ടം ചുറ്റിക്കാനും പോരാളി ഷാജി മിടുക്കനാണ്. ഇത്തരത്തിലുള്ള പേജിനെ തകര്‍ക്കാനാണ് പോരാളി വാസുവുമായി കോണ്‍ഗ്രസ് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button