കൊല്ലം ഓച്ചിറയിൽ തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെൺകുട്ടിയുടെ മാതാപിതാക്കളെ സുരേഷ് ഗോപി എംപി സന്ദർശിക്കുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിച്ചു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി. പെൺകുട്ടി ഇതര സംസ്ഥാനത്തു നിന്നുള്ളതായതിനാൽ വിഷയം ദേശീയ തലത്തിലേക്ക് എത്തുമെന്നാണ് സൂചന. ഇതിനിടെ തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയ ക്രിമിനൽ കേസ് പ്രതി പ്യാരിക്കെതിരെ കാപ്പ ചുമത്തും.
പെണ്‍കുട്ടിയെ കണ്ടെത്താൻ ബംഗളൂരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കളിമണ്‍ ശില്പനിർമ്മാതാക്കളായ രാജസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയെ കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ അതിക്രമിച്ച് കയറിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. വലിയകുളങ്ങരയിൽ ഇവർ താമസിച്ചിരുന്ന ഷെഡിന് മുന്നിലെത്തിയ നാലംഗ സംഘം പിതാവിനെ മർദ്ദിച്ച ശേഷം പതിമൂന്നുകാരിയായ കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അനന്തു, വിപിൻ എന്നിവരെ ഇന്നലെ രാത്രി പോലീസ് പിടികൂടി.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഘത്തിലെ പ്രധാനി ഓച്ചിറ സ്വദേശി പ്യാരിക്കെതിരെ പോലീസ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റിസ് പ്രിവൻഷൻ ആക്ട് ചുമത്തും. നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയാണ് ഇയാൾ.സംഘത്തിലുൾപ്പെട്ട മുഹമ്മദ് റോഷനാണു പെൺകുട്ടിയെയും കൊണ്ട് ബെംഗളുരുവിലേക്ക് കടന്നു കളഞ്ഞത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണം ഊർജ്ജിതമാക്കാൻ ഡി.ജി.പിയും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments