ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പരിഗണിക്കും മുന്‍പ് വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യം സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിഷേധിച്ചു. ഇക്കാര്യത്തില്‍ അതൃപ്തിയില്ലെന്നും നേതൃത്വത്തിന്റെ അനുമതിയോടെയാണു പ്രഖ്യാപനമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പ്രതികരിച്ചു.
പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞഎടുപ്പ് സമിതി പരിഗണിക്കും മുന്‍പ് സ്ഥാനാര്‍തികളെ പ്രഖ്യാപിച്ചതില്‍ അതൃപ്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന നേതൃത്വം നടത്തി. പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി, വാസ്‌നിക് എന്നിവരുമായി ചര്‍ച്ച ചെയ്ത് അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്.
അപ്രതീക്ഷിത നീക്കത്തിലൂടെ വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കുന്ന വിവരം വാസ്‌നിക്കിനെ സംസ്ഥാന നേതൃത്വം രേഖാമൂലം അറിയിക്കുകയും ചെയ്തു. സമിതി ചര്‍ച്ച ചെയ്യാത്തതിനാല്‍ ചൊവ്വാഴ്ചത്തെ പ്രഖ്യാപനം മാറ്റി വെച്ച് ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനുണ്ടായത്. വിവിധ സംസ്ഥാനങ്ങളുടെ ചുമതലാ തിരക്കില്‍ ആയതിനാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മാത്രമാണ് യഥാസമയം വിവരം അറിയിക്കാന്‍ സാധിക്കാതെ പോയത് പിന്നീട് ഇദ്ദേഹത്തെയും അറിയിക്കുകയായിരുന്നു എന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
Post Your Comments