ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി ജര്‍മ്മനിയും. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാന്‍ എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ജര്‍മ്മന്‍ എംബസി ഔദ്യോഗിക വക്താവ് ഹാന്‍സ് ക്രിസ്ത്യന്‍ വിംഗ്ലര്‍ പറഞ്ഞു.മസൂദിനെതിരെയുള്ള ഇന്ത്യയുടെ നീക്കം ശക്തമായതോടെ തങ്ങളുടെ രാജ്യത്ത് മസൂദ് അസറിനുള്ള സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചിരുന്നു.
നിലവില്‍ ചൈന മാത്രമാണ് മസൂദിനെതിരായ നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നത്. സുരക്ഷയേയും അന്താരാഷ്ട്ര നയങ്ങളേയും സംബന്ധിച്ചുള്ള എല്ലാ തീരുമാനങ്ങളും യൂറോപ്യന്‍ യൂണിയനിലെ എല്ലാ അംഗങ്ങളും ഒരുമിച്ചാണ് സ്വീകരിക്കുന്നത്.മസൂദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ യൂറോപ്യന്‍ യൂണിയനില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മസൂദിനെതിരെ ഫ്രാന്‍സ് സ്വീകരിക്കുന്ന നടപടികള്‍ക്കും പിന്തുണ അറിയിക്കുന്നതായി ക്രിസ്ത്യന്‍ വിംഗ്ലര്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. 15 അംഗങ്ങളുള്ള യുഎന്‍ രക്ഷാസമിതിയില്‍ ഒരംഗം എതിര്‍ത്തതിനാലാണ് മസൂദ് അസറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുളള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതെപോയത്.മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നാണ് അമേരിക്കയുടേയും നിലപാട്.
Post Your Comments