Latest NewsKerala

കുട്ടികളിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം; ഇക്കാലത്ത് കൗമാരപ്രായക്കാര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി കേരളാ പൊലീസ്. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ പോലും മാതാപിതാക്കള്‍ അംഗീകരിക്കാറില്ലെന്നും മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കണമെന്നും കേരളാ പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലഹരിയിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുന്ന കൗമാരം:
ജാഗ്രത വീടുകളിൽനിന്ന് തുടങ്ങണം

ലഹരിയുടെ ചതിക്കുഴിയിൽ വീഴുന്നകൗമാരപ്രായക്കാർ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത് വീടുകളിൽ ഉണ്ടാകേണ്ട ജാഗ്രതയുടെയും തിരുത്തല് പ്രക്രിയയുടെയും ആവശ്യകതയാണ്. കുട്ടികളുടെ കാര്യങ്ങള് സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില് അധ്യാപകര്ക്കും ഇതില് വലിയ റോളുണ്ട് . കുട്ടികള് ലഹരി ഉപയോഗിക്കാന് ആരംഭിക്കുമ്പോള് തന്നെ മാതാപിതാക്കള്ക്ക് മനസിലാക്കാന് കഴിയും. പക്ഷേ ഇത്തരത്തില് സംശയം തോന്നിയാല്പോലും അത് അംഗീകരിക്കാന് മാതാപിതാക്കളും സ്കൂള് അധികൃതരും തയാറാകുന്നില്ല.

അച്ഛനമ്മമാർ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവർ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ ശ്രദ്ധയിൽപെടാതെ വേണം അവരെ നിരീക്ഷിക്കേണ്ടത്. കുട്ടികളുടെ സാധാരണ സ്വഭാവത്തിലും പെരുമാറ്റത്തിലും ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയർസ്റ്റൈൽ, കേൾക്കുന്ന പാട്ടുകള്, കാണുന്ന സിനിമ, കൂട്ടുകെട്ടുകൾ എല്ലാത്തിലും ശ്രദ്ധയുണ്ടാകണം

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകൾ ചുവന്നിരിക്കും. ടോയ്ലെറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോൾ ലഹരി ഉപയോഗത്തിന്റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക. ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താൻ സാധിക്കും. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.

കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോള് ഉറക്കം കുറയുന്നു. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകുമ്പോൾ ഹെറോയ്ൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപം ശ്രദ്ധ.
കൂട്ടുകെട്ടിലും വ്യത്യാസങ്ങൾ അനുഭവപ്പെടാം. മുതിർന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുക. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുള്ള നടപടികളാണുണ്ടാകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button