Latest NewsIndia

ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ജയലളിതയെ ശിക്ഷിച്ച ജഡ്ജി

കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു.

ന്യൂദല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ച വ്യക്തിയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഘോഷിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിര്‍ദേശിച്ചത്.

കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും അവകാശവും ലോക്പാലിനുണ്ട്. സംസ്ഥാനങ്ങളിലെ ലോകായുക്ത പോലെയാണ് കേന്ദ്രത്തിലെ ലോക്പാലിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ ലോക്പാലിന് അന്വേഷിക്കാം. 2013ലാണ് ലോക്പാലിനെ നിയമിക്കാന്‍ ബില്‍ പാസാക്കിയത്. പല കാരണങ്ങള്‍ കൊണ്ടും നിയമനം നീണ്ടു. ഒടുവില്‍ ഞായറാഴ്ചയാണ് അന്തിമ തീരുമാനമായത്.

അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള സംവിധാനമാണ് ലോക്പാല്‍. അനധികൃത സ്വത്തുകേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത, ബന്ധു വി.കെ. ശശികല എന്നിവര്‍ക്കെതിരെ വിധി പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ഘോഷ്. ഘോഷും ജസ്റ്റിസ് അമിതാവ് റോയിയും അംഗങ്ങളായ ബെഞ്ചാണ് ജയയും ശശികലയും പദവികള്‍ ദുരുപേയാഗം ചെയ്ത് അനധികൃതമായി സ്വത്ത് വാരിക്കൂട്ടിയതായി കണ്ടെത്തിയത്. അയോധ്യക്കേസില്‍ വാദം കേട്ട ബെഞ്ചിലും ഘോഷുണ്ടായിരുന്നു.1952 മെയ് 28ന് ജനിച്ച പിനാകി ചന്ദ്രഘോഷ് 76 നവംബര്‍ 30നാണ് അഭിഭാഷകനായത്.

1997 ജൂലൈ 17ന് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി. 2012ല്‍ ആന്ധ്രാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി.വിവാദ നായകനായ കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന് കോടതിയലക്ഷ്യത്തിന് ആറു മാസം തടവ് വിധിച്ച, അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ അംഗമായിരുന്നു പിനാകി ഘോഷും. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന വിധി പുറപ്പെടുവിച്ച ബെഞ്ചിലെ അംഗമായിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശംഭു ചന്ദ്രഘോഷിന്റെ മകനാണ് പിനാകി ചന്ദ്രഘോഷ്. പേരു കേട്ട അഭിഭാഷകനായ ദിവാന്‍ വാരാണസി ഘോഷിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട അഭിഭാഷകനായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button