Latest NewsIndia

തിരഞ്ഞെടുപ്പിൽ അനധികൃത പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ സംയുക്ത സംഘം രംഗത്തിറങ്ങും

തിരുവനന്തപുരം•തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യമുൾപ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ സംയുക്ത സംഘം പരിശോധന നടത്തും. പോലീസ്, ആദായനികുതി, എക്‌സൈസ്, വനം, ജി. എസ്. ടി വകുപ്പ് ഉദ്യോഗസ്ഥരാണ് കർശന പരിശോധന നടത്തുക. വിദേശത്ത് നിന്ന് പണം എത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളിൽ കസ്റ്റംസ്, സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ നടന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

രേഖയില്ലാതെ സൂക്ഷിക്കുന്ന പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണവും മറ്റു വസ്തുക്കളും ആദായനികുതി വകുപ്പ് പിടിച്ചെടുക്കും. ഇതിനായി ആദായനികുതി വകുപ്പിന്റെ ക്വിക് റെസ്‌പോൺസ് ടീം എല്ലാ മണ്ഡലങ്ങളിലും പ്രവർത്തിക്കും. ജില്ലകളിലെ ഫ്‌ളയിംഗ് സ്‌ക്വാഡും ജില്ലാ നിരീക്ഷണ സംഘങ്ങളുമായി സഹകരിച്ചാവും പ്രവർത്തിക്കുക. ആദായ നികുതി വകുപ്പിന്റെ കൺട്രോൾ റൂമിൽ ജനങ്ങൾക്ക് പരാതി അറിയിക്കാം. 1800 425 3173 ആണ് ടോൾഫ്രീ നമ്പർ.

തിരഞ്ഞെടുപ്പ് സുതാര്യവും സ്വതന്ത്രവുമായി നടത്തുന്നതിന് വേണ്ട നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. സഹകരണ ബാങ്കുകൾ, സംഘങ്ങൾ എന്നിവ മുഖേനയുള്ള വലിയ തുകയുടെ ഇടപാടുകൾ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. കെ. കേശവൻ, ജി. എസ്. ടി ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു, എ. ഡി. ജി. പി അനന്തകൃഷ്ണൻ, ഐ. ജി. പി. വിജയൻ, ജോ. സി.ഇ.ഒ കെ. ജീവൻബാബു, ആദായനികുതി വകുപ്പ് അഡീഷണൽ ഡയറക്ടർ ഇയാസ് അഹമ്മദ്, സായുധ സേനാ ബറ്റാലിയൻ ഡി. ഐ. ജി പി. പ്രകാശ്, സി. ആർ. പി. എഫ് ഡി. ഐ. ജി മാത്യു എ. ജോൺ, സി. ഐ. എസ്. എഫ് ഗ്രൂപ്പ് കമാൻഡന്റ് സന്ദീപ് കുമാർ എസ്., അഡീഷണൽ സി. ഇ. ഒ സുരേന്ദ്രൻ പിള്ള, വിവിധ വകുപ്പുകളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button