KeralaLatest News

കരയാംപറമ്പ് ചിരിയ്ക്കാംപറമ്പ് ആയപ്പോള്‍: കാന്‍സറിനെ അതിജീവിച്ച രണ്ടു പേരുടെ സമാഗമം..

അങ്കമാലി: അജിത ആര്‍ക്ക് വോട്ടു ചെയ്താലും ഇന്നസെന്റിന് അജിതയെ ചെന്നു കാണാതിരിക്കാനാവുമായിരുന്നില്ല. അതില്‍ രാഷ്ട്രീയവുമുണ്ടായിരുന്നില്ല.  ഇന്നു  രാവിലെ അങ്കമാലിയുടെ സമീപപ്രദേശമായ കരയാംപറമ്പിലെ അജിതയുടെ മുല്ലോത്ത് വീട്ടില്‍ ഇന്നസെന്റ് എത്തിയപ്പോള്‍ അവരുടെ രണ്ടു പേരുടേയും അമൂല്യമായ പുഞ്ചിരികളാല്‍ കരയാംപറമ്പ് ചിരിയ്ക്കാംപറമ്പായി മാറുകയായിരുന്നു.

ആരോഗ്യമുള്ള ചാലക്കുടി എന്ന ആശയം മുന്നില്‍ക്കണ്ട് ഇന്നസെന്റ് മുന്‍കയ്യെടുത്ത് ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മാമോഗ്രാം യൂണിറ്റ് അനുവദിച്ചിരുന്നു. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ ഉടന്‍ അവിടെ നടത്തിയ പരിശോധനയിലാണ് അജിതയ്ക്ക് (50) കാന്‍സറിന്റെ ആദ്യ ഘട്ടം സ്ഥിരീകരിച്ചത്. 2017 നവംബര്‍ 1-നായിരുന്നു അജിതയുടെ മാമോഗ്രാം പരിശോധന. ഒരു മാസത്തിനുള്ളില്‍ത്തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയായ അജിത ഇപ്പോള്‍ പൂര്‍ണആരോഗ്യവതിയായി തന്റെ ബില്‍ഡിംഗ് ബിസിനസ്സില്‍ സജീവമായിരിക്കുന്നു. രണ്ടു പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ജയ്‌ഷോര്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. അഞ്ചു സെന്റുവരെ വലിപ്പമുള്ള ചെറിയ പ്ലോട്ടുകളില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന രംഗത്താണ് കാന്‍സറിനെ ധീരതയോടെ എതിരിട്ട് തോല്‍പ്പിച്ച ഈ സംരഭകയുടെ പ്രവര്‍ത്തനം.

പ്രശസ്ത അര്‍ബുദരോഗവിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ മേല്‍നോട്ടത്തിലാണ് അജിതയുടെ ചികിത്സ. ‘പ്രാരംഭഘട്ടത്തില്‍ത്തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞതിനാല്‍ എനിയ്ക്ക് ഒരു ആശങ്കയുമുണ്ടായില്ല,’ അതു പറയുമ്പോഴും അജിത പുഞ്ചിരിക്കുന്നു. അജിതയുടെ ആത്മവിശ്വാസവും ഊര്‍ജസ്വലതയും തനിയ്ക്ക് ഏറെ പ്രചോദനം നല്‍കിയെന്ന് ഇന്നസെന്റ് പറഞ്ഞു. അജിത നല്‍കിയ തണുത്തവെള്ളവും കുടിച്ചാണ് ഇന്നസെന്റും സംഘവും യാത്ര തുടര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button