Latest NewsUAE

ലോകത്തിലെ വിലയേറിയ സുഗന്ധദ്രവ്യം ദുബായിയില്‍

ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്‍ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില്‍ നിര്‍മിച്ച ‘ഷുമുഖ്’ എന്ന സുഗന്ധദ്രവ്യം ഇതിനകം രണ്ട് ഗിന്നസ് റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചു. ഉള്ളില്‍ മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്ത് പരീക്ഷിച്ചെടുത്ത സുഗന്ധദ്രവ്യമാണുള്ളത്. യു.എ.ഇയിലെ പ്രശസ്ത പെര്‍ഫ്യൂം ബ്രാന്‍ഡായ നബീലാണ് ഷുമുഖ് എന്ന ലോകത്തെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം തയ്യാറാക്കിയത്. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാവുന്ന സംവിധാമുണ്ടിതിന്. 4.572 ബില്യണ്‍ ദിര്‍ഹം, അതായത് എട്ടുകോടി അന്‍പത്തിയെട്ടുലക്ഷത്തി നാല്‍പ്പത്തി രണ്ടായിരത്തോളം രൂപയാണ് ഷുമുഖിന്റെ വില. 3571 രത്‌നങ്ങള്‍, 2,479 ഗ്രം 18 കാരറ്റ് സ്വര്‍ണം, 5 കിലോ വെള്ളി എന്നിവയാല്‍ അലങ്കരിച്ചാണ് ഷുമുഖ് തയ്യാറാക്കിയത്. രണ്ട് മീറ്ററോളം ഉയരമുള്ള മനോഹരമായ പെട്ടിയിലാണ് ഈ സുഗന്ധദ്രവ്യം.

കൂടുതല്‍ വജ്രങ്ങള്‍ പതിച്ച പെര്‍ഫ്യൂം കുപ്പി എന്നതിനാണ് ഒരു ഗിന്നസ് റെക്കോര്‍ഡ്. റിമോട്ട് കണ്‍ട്രോള്‍ വഴി ഉപയോഗിക്കാവുന്ന ഏറ്റവും ഉയരമേറിയ സുഗന്ധദ്രവ്യത്തിന്റെ കുപ്പി എന്നതാണ് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ്. പന്ത്രണ്ട് മണിക്കൂറോളം ശരീരത്തിലും മുപ്പതു ദിവസത്തോളം വസ്ത്രങ്ങളിലും ഈ സുഗന്ധം നിലനില്‍ക്കുമെന്ന് നബീല്‍ പെര്‍ഫ്യൂംസ് ചെയര്‍മാന്‍ അഷ്ഗര്‍ ആദം അലി പറഞ്ഞു. ആവശ്യക്കാരന്റെ ഉയരത്തിനനുസരിച്ച് കുപ്പി റിമോട്ട് കണ്‍ട്രോള്‍ വഴി ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യാം. ഉയരം ക്രമപ്പെടുത്തിയ ശേഷം റിമോട്ട് അമര്‍ത്തിയാല്‍ പെര്‍ഫ്യൂം ശരീരത്തിലേക്ക് എത്തുമെന്നാണ് ഇതിന്റെ പ്രത്യേകത. 494 പരീക്ഷണങ്ങള്‍ നടത്തിയാണ് അമൂല്യമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയത്. മൂന്ന് ലിറ്ററാണ് കുപ്പിയിലുള്ള സുഗന്ധദ്രവ്യം. കാലിയായാല്‍ ഇഷ്ടത്തിനനുസരിച്ച് നിര്‍മാതാക്കള്‍ അത്രയും പെര്‍ഫ്യൂം പിന്നെയും നിറച്ചുതരും. അതിന് വേറെ വില നല്‍കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാം ഷുമുഖ്. ഒരു ഇന്ത്യന്‍ വ്യവസായിയാണ് പെര്‍ഫ്യൂമിനു ആദ്യ ഓര്‍ഡര്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ദുബായ് മോളിലെ പാര്‍ക്ക് അവന്യൂവില്‍ ഈ മാസം മുപ്പതുവരെ ഷുമുഖ് പ്രദര്‍ശനത്തിനുണ്ടാകും. ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് വിവിധ ഡിസൈനുകളില്‍ പെര്‍ഫ്യൂം നിര്‍മിച്ചുനല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button