തൃശൂർ : ഇനി മുതൽ തിരഞ്ഞെടുപ്പു പരസ്യങ്ങൾ കെഎസ്ഇബിയുടെ വൈദ്യുതിത്തൂണുകളിൽ പതിക്കുകയോ എഴുതുകയോ ചെയ്താൽ പൊതുമുതൽ നശീകരണത്തിനു കേസെടുക്കാനൊരുങ്ങി പൊലീസ്. സംസ്ഥാനത്തെങ്ങും വൈദ്യുതിത്തൂണുകളിൽ പാർട്ടി ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും പതിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് നടപടി. വൈദ്യുതിത്തൂണുകളിലെ ചുവരെഴുത്തുകൾ കരിഓയിലടിച്ചു മായ്ക്കാൻ സംസ്ഥാനം മുഴുവൻ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകൾക്കു നിർദേശമുണ്ട്.
കൂടാതെ ഇതിനുള്ള മുഴുവൻ ചെലവും അതതു പാർട്ടികളിൽ നിന്ന് ഈടാക്കും. 25,000 രൂപ മുതൽ 30,000 രൂപ വരെയാണ് പിഴയെന്ന് അറിയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുൻപു തന്നെ വിവിധ രാഷ്ട്രീയ കക്ഷികൾ വൈദ്യുതിത്തൂണുകൾ ‘കയ്യേറിയിരുന്നു’. വൈദ്യുതിത്തൂണുകൾ പാർട്ടി ചിഹ്നങ്ങൾ പതിച്ചും ‘ബുക്ക്ഡ്’ എന്നെഴുതിയും ഫ്ലെക്സുകൾ തൂക്കിയും പ്രചാരണ ഇടമാക്കി. ഇതോടെയാണ് കെഎസ്ഇബി പൊലീസിന്റെ സഹായം തേടിയത്.
പൊതുമുതൽ നശീകരണത്തിനു വൈദ്യുതിത്തൂണുകളിൽ പരസ്യം പതിച്ച സ്ഥലത്തെല്ലാം കേസെടുത്തു തുടങ്ങിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസെടുത്തത്. സ്ക്വാഡുകൾവൈദ്യുതിത്തൂണുകളിലെ പരസ്യങ്ങൾ മാർക്ക് ചെയ്യാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് ഇറങ്ങിയിട്ടുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും.
Post Your Comments