ന്യൂദല്‍ഹി : ജെയ്ഷെ ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹര്‍ കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയിലെ ആഢംബര ഹോട്ടലുകളില്‍ തമസിച്ചിരുന്നതായി റിപ്പോര്‍ട്ട്. 1994ലാണ് മസൂദ് അസര്‍ ഇന്ത്യയില്‍ ആദ്യമായി എത്തുന്നത്. പോര്‍ച്ചുഗീസ് വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യയില്‍ എത്തിയ മസൂദ് ദല്‍ഹിയിലെ അശോക്, ജന്‍പഥ്, ഷീഷ് മഹല്‍ എന്നീ ഹോട്ടലുകളിലാണ് മുറിയെടുത്ത് താമസിച്ചത്.ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് രൂപംകണ്ടാല്‍ പോര്‍ച്ചുഗീസ് പൗരനാണെന്ന് തോന്നില്ലല്ലോ എന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ജന്മം കൊണ്ട് താന്‍ ഗുജറാത്ത് സ്വദേശിയാണെന്നാണ് ഇയാള്‍ ഉത്തരം നല്‍കിയത്.
ദല്‍ഹിയിലെത്തിയ ദിവസം തന്നെ കശ്മീര്‍ സ്വദേശിയായ അഷ്റഫ് ദര്‍ എന്നയാളുമായി മസൂദ് ഫോണില്‍ ബന്ധപ്പെട്ടു. ഇയാള്‍ പിന്നീട് ഹര്‍ക്കത്തുല്‍ അന്‍സാറെന്ന ഭീകരസംഘടനയിലെ അംഗമായ അബു മഹ്മൂദിനൊപ്പം മസൂദിനെ കാണാന്‍ അശോക് ഹോട്ടലിലെത്തി. ഇവര്‍ക്കൊപ്പമാണ് സഹാരന്‍പുരില്‍ പോയത്. പിന്നീട് ജനുവരി 31-ന് ഇയാള്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. അന്നുമുതല്‍ കോണാട്ട് പ്ലേസിലുള്ള ജന്‍പഥ് ഹോട്ടലിലാണ് കഴിഞ്ഞത്.
ഈ കാലയളവില്‍ ലഖ്‌നൗ, സഹാരന്‍പൂര്‍, ധൂറുല്‍ ഉലൂം, ദേവ്ബന്ദ് ഇസ്ലാമിക് പഠന കേന്ദ്രം എന്നിവിടങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. 1994ല്‍ ബംഗ്ലാദേശ് സന്ദര്‍ശനത്തിനു ശേഷം ജനുവരി 29നാണ് ഇയാള്‍ ദല്‍ഹിയിലെത്തിയത്. അതിനുശേഷം ജമ്മു കശ്മീരില്‍ പിടിയിലായപ്പോള്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലും മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.പിന്നീട് അലി മിയാന്‍ എന്ന് വിളിപ്പേരുള്ള മൗലാന അബു ഹസന്‍ നദ്വി എന്നയാളെ കാണാനായി ഫെബ്രുവരി ആറോ ഏഴോ തിയതികളിലായി മസൂദ് ബസില്‍ ലഖ്നൗവിലേക്ക് പോയെങ്കിലും ഇയാളെ കാണാന്‍ സാധിച്ചിരുന്നില്ല.
പിന്നീട് താമസിച്ചത് കരോള്‍ബാഗിലെ ഷീഷ് മഹല്‍ ഹോട്ടലിലാണ്.അതിനുശേഷം ഫെബ്രുവരി ഒമ്പതിന് ശ്രീനഗറിലെത്തി. വൈകീട്ട് ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമിയെന്ന് ഭീകരസംഘടനയിലെ അംഗങ്ങളായ സജ്ജാദ് അഫ്ഗാനിയും അംജദ് ബിലാലും കാണാനെത്തി. ഫെബ്രുവരി പത്തിന് മതിഗുണ്ടില്‍ പാക്കിസ്ഥാനെയും പാക് അധീന കശ്മീരിലെയും ഭീകരര്‍ ഒത്തുചേര്‍ന്ന യോഗത്തിനെത്തി.
ഇവിടെ നിന്ന് അനന്തനാഗിലേക്ക് കാറിലാണ് യാത്ര ചെയ്തത്. വഴിയില്‍വെച്ച് കാര്‍ കേടായതോടെ യാത്ര ഓട്ടോറിക്ഷയിലാക്കി. രണ്ടുമൂന്ന് കിലോമീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും സൈനികര്‍ ഓട്ടോയെ പിന്തുടര്‍ന്ന് മസൂദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments