നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപണം. യു.എന്‍.എ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കാണിച്ച് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് ഡി.ജി.പിക്ക് പരാതി നല്‍കി. തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്നും ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം.സ്വകാര്യ ബാങ്കില്‍ യു.എന്‍.എക്കുള്ള അക്കൗണ്ടില്‍ മൂന്ന് കോടി എഴുപത്തിയൊന്ന് ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് ഓഫീസ് റെന്റ്, ശമ്പളം, യാത്ര ചിലവ്, കേസ് നടത്തിയില്‍ അഭിഭാഷകര്‍ക്ക് ഫീസ് നല്‍കിയത് തുടങ്ങിയ ഇനങ്ങളിലായി ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി രേഖകള്‍ ഉണ്ട്.
ബാക്കി രണ്ട് കോടി ഇരുപത് ലക്ഷം രൂപ ഒരു കാരണവും കൂടാതെ അക്കൗണ്ടില്‍ പിന്‍വലിച്ചുവെന്നാണ് യു.എന്‍.എ യുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.സംഘടനയുമായി ഒരു ബന്ധവും ഇല്ലാത്ത നിതിന്‍ മോഹന്‍ എന്ന വ്യക്തിയാണ് ഏറ്റവുമധികം പണം പിന്‍വിച്ചത്. 59,91,740 രൂപയാണ് നിതിന്‍ പിന്‍വലിച്ചത്. യു.എന്‍.എയുടെ ഭാരവാഹി ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ ആണ് നിതിന്‍ എന്ന് പരാതിയില്‍ പറയുന്നുണ്ട്. മറ്റ് ചില സ്ഥാപനങ്ങള്‍ക്കും ഒരു കാരണവുമില്ലാതെ ലക്ഷങ്ങള്‍ കൈമാറിയിട്ടുണ്ട്.നഴ്സുമാരില്‍ നിന്ന് അംഗത്വ ഫീസായും, വിദേശങ്ങളില്‍ നിന്ന് സംഘടനയ്ക്ക് സഹായമായും ലഭിച്ച പണമാണ് സംഘടനയുടെ അനുമതിയില്ലാതെ പിന്‍വലിച്ച് വന്‍ ക്രമക്കേട് നടത്തിയിരിക്കുന്നത്. പരാതി പരിശോധിച്ച് വരും ദിവസങ്ങളില്‍ തന്നെ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
Post Your Comments