തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ (21) കരമന തളിയലില്‍നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി.പൊലീസ് പിടിയിലായ അഞ്ചു പ്രതികളില്‍ ഒരാളുടെ വെളിപ്പെടുത്തലാണ് അനന്തുകൊലക്കേസിന് തുമ്പുണ്ടാക്കിയത്. കൃത്യത്തില്‍ പങ്കെടുത്ത പ്രതി കഞ്ചാവിന്റെ ലഹരി മാറിയപ്പോള്‍ ബുധനാഴ്ച രാവിലെ അയാളുടെ അച്ഛനോട് സംഭവത്തെ കുറിച്ച് പറഞ്ഞു. മുമ്പ് ഒരു കൊലക്കേസില്‍ പ്രതിയായ അച്ഛന് ഇയാളുടെ സുഹൃത്ത് വഴി പൊലീസിനെ വിവരമറിയിച്ചു.
പൊലീസിന് ലഭിച്ച വിവരമനുസരിച്ച് സ്ഥലത്ത് ആദ്യം പരിശോധിച്ചെങ്കിലും ഒന്നും കണ്ടില്ല. തെറ്റായ വിവരം നല്കി വഴിതെറ്റിക്കാനുള്ള ശ്രമമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കാട്ടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞു കൊടുത്തതോടെ പൊലീസ് വീണ്ടും അവിടെയെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട 13 പേരില്‍ 5 പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന് പറഞ്ഞു. കൊലപാതകത്തിന്റെ ചില ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
പ്രതികളില്‍ ചിലരുടെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ ക്രൂരമായി കൊലനടത്തിയ പ്രതികള്‍ അനന്തു ജീവനുവേണ്ടി പിടഞ്ഞ് നിലവിളിക്കുന്നത് മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. ഇവര്‍ പ്രധാനമായും ഉപയോഗിക്കുന്നത് കഞ്ചാവാണെങ്കിലും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതികള്‍ സ്ഥിരമായി ഉപയോഗിച്ചുവന്ന സ്ഥലത്താണ് കൊലപാതകവും നടത്തിയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്ദുവിൻറെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്ദുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്ദുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്ദുവിനെ മണിക്കൂറോളം ഭിത്തിയിൽ ചേർത്തുവച്ച മർദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൊഞ്ചിറവിള സ്വദേശികളായ കിരണ്കൃഷ്ണന്, മുഹമ്മദ് റോഷന്, അരുണ്‍ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍. പ്രതികളെല്ലാം 25 വയസില്‍ താഴെയുള്ളവരാണ്.കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെങ്കിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരു സംഘങ്ങള്‍ക്കെതിരെയും നിരവധി കേസുകള്‍ നിലവിലുണ്ട്.
Post Your Comments