KeralaNewsCrime

കരമന കൊലപാതകം; 11 പ്രതികളെ പിടികൂടി

തിരുവനന്തപുരം: കരമനയിലെ അനന്തു ഗിരീഷ് കൊലപാതകത്തില്‍ 11 പ്രതികള്‍ അറസ്റ്റിലായി. ഇനി 2 പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായി ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ അറസ്റ്റിലായ പ്രതികളില്‍ നിന്നും തലസ്ഥാനത്തെ ലഹരി റാക്കറ്റിനെ കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യ കേന്ദ്രത്തില്‍ വച്ച് നടന്നിരുന്നു. ഈ ആഘോഷത്തിലും മദ്യവും മയക്കുമരുന്നും വിതരണം ചെയ്തിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടയ്ക്കാണ് തൊട്ട് മുന്‍പത്തെ ദിവസം നടന്ന അടിപിടി കേസില്‍ പ്രതികാരം ചെയ്യാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇതിന് ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വരുന്നതും അതിക്രൂരമായി കൊല ചെയ്യുന്നതും എന്നും പൊലീസ് പറയുന്നു. കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊച്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായി പൊലീസ് പറയുന്നത്. കരിക്ക്, കല്ല്, കമ്ബ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button