കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഭീകരാക്രമണം. പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു മാധ്യമപ്രവര്‍ത്തകനു ഗുരുതരമായി പരുക്കേറ്റു. ഫറായില്‍ സൈനിക ചെക്ക്‌പോസ്റ്റിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിലാണു സൈനികര്‍ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. തെക്കന്‍ അഫ്ഗാന്‍ മേഖലയില്‍ നടന്ന ബോംബാക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ അഹമ്മദ് അഹ്മദിക്കാണു പരുക്കേറ്റത്.
താലിബാന്‍ ശക്തികേന്ദ്രമായ ഹെല്‍മണ്ടില്‍ സബാഹൂം ടിവിയുടെയും റേഡിയോയുടെയും റിപ്പോര്‍ട്ടറാണു അഹ്മദി. കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അഫ്ഗാനില്‍ കഴിഞ്ഞ വര്‍ഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ 121 ആക്രമണങ്ങള്‍ നടന്നുവെന്നും 17 പേര്‍ കൊല്ലപ്പെട്ടുവെന്നുമാണ് അഫ്ഗാന്‍ ജേണലിസ്റ്റ് സേഫ്റ്റി കമ്മിറ്റി റിപ്പോര്‍ട്ട്.
അതേസമയം, അഫ്ഗാന്‍ പ്രശ്‌നം പരിഹരിക്കാനായി ഖത്തറിലെ ദോഹയില്‍ യുഎസും താലിബാനും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ധാരണയായില്ല. 16 ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ മാര്‍ച്ച് അവസാനം തുടര്‍ന്നേക്കും. വിദേശ സൈനികരെ പിന്‍വലിക്കുന്നതിനു സമയപരിധി നിശ്ചയിക്കുക, ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കുക എന്നിവ സംബന്ധിച്ച ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായി. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ തുടരും. അഫ്ഗാന്‍ സര്‍ക്കാരുമായി നേരിട്ടു ചര്‍ച്ച നടത്താന്‍ താലിബാന്‍ ഇതുവരെ തയാറായിട്ടില്ല.
Post Your Comments