ന്യൂഡൽഹി : റഫേൽ വിവരങ്ങൾ ചോർന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം . പ്രതിരോധ മന്ത്രാലയത്തിൽ നിന്നാണ് രേഖകൾ ചോർന്നത് . ഫോട്ടോ കോപ്പി വഴിയാണ് രഹസ്യവിവരങ്ങൾ മോഷ്ടിച്ചത്. യഥാർത്ഥ രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ ഉണ്ട്. അതിന്റെ ഫോട്ടോ കോപ്പി എടുത്തു എഡിറ്റ് ചെയ്താണ് മാധ്യമങ്ങളിൽ അച്ചടിച്ച് വന്നതും, കൂടാതെ കോടതിയിൽ ഹർജിക്കാർ സമർപ്പിച്ചതും.
ഹർജിക്കാർ കോടതിയിൽ നൽകിയ രേഖകൾ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയത്.രേഖകൾ ഇത്തരത്തിൽ ചോർത്തിയത് മോഷണം തന്നെയാണ്.ഇത് ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണ് .ഇതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി .സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
ഹർജിക്കാർ സമർപ്പിച്ചത് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷ്ടിച്ച ഔദ്യോഗിക രഹസ്യ രേഖകളാണെന്നും,രേഖകളിൽ രഹസ്യം എന്നെഴുതിയത് നീക്കം ചെയ്താണ് പ്രസിദ്ധീകരിച്ചതെന്നും ,ഇത് ഗുരുതരമായ കുറ്റമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി . രേഖകൾ തിരുത്തി സമർപ്പിച്ചതിലൂടെ ഹർജിക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്.അന്വേഷണം പൂർത്തിയാക്കിയാൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും അറ്റോർണി ജനറൽ കോടതിയിൽ വ്യക്തമാക്കി.
പ്രസിദ്ധീകരിക്കാൻ പാടില്ലാത്ത രേഖകൾ ആണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സത്യവാങ്മൂലത്തിനൊപ്പം സി എ ജി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
Post Your Comments