Latest NewsKerala

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനറെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള സംഘം റിസർവ്ബാങ്ക്, നബാർഡ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. കേരളാബാങ്ക് രൂപീകരണ നടപടികളുടെ പുരോഗതി, പ്രളയ ദുരിതസഹായം, സഹകരണ നിയമത്തില്‍ 2019 ല്‍ വന്ന ഭേദഗതികള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച കേരള ബാങ്ക് പ്രോപോസലിനു തത്വത്തിലുള്ള അംഗീകാരം റിസർവ് ബാങ്ക് നൽകിയപ്പോൾ ഒരുക്കങ്ങൾക്കും റിസർവ് മുന്നോട്ട് വെച്ച 19 നിബന്ധനകൾ പൂർത്തീകരിക്കുന്നതിനുമായി മാർച്ച് 31 വരെ സമയം അനുവദിക്കുന്നെങ്കിലും തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് റിസർവ് ബാങ്കിന്റെ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുള്ള ഡെപ്യൂട്ടി ഗവര്‍ണറെയും നബാര്‍ഡ് ചെയര്‍മാനെയും കാണുകയും വിവരങ്ങള്‍ നേരത്തെ തന്നെ ധരിപ്പിക്കുകയുമായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശം.

റിസര്‍വ് ബാങ്കുമായി നടന്ന കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച 19 വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന് കേരളം നടത്തിയ ശ്രമങ്ങളില്‍ റിസർവ്ബാങ്ക് സംതൃപ്തി രേഖപ്പെടുത്തി. മാര്‍ച്ച്‌ 31 നു വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന കേരളത്തിന്റെ തീരുമാനത്തെ റിസർവ്ബാങ്ക് സ്വാഗതം ചെയ്തു. സഹകരണനിയമഭേദഗതികള്‍ക്കനുസരിച്ച മാറ്റങ്ങള്‍ റിസർവ് ബാങ്കിനെ അറിയിച്ചു. ഭേദഗതികളിൽ റിസർവ് അഭിപ്രായ വ്യത്യാസങ്ങളൊന്നും ഉന്നയിച്ചില്ല. കൂടിക്കാഴ്ചയില്‍ റിസര്‍വ് ബാങ്ക് ഡെപ്യുട്ടി ഗവര്‍ണര്‍ ശ്രീ എന്‍ എസ് വിശ്വനാഥന്‍, എക്സിക്യൂടിവ് ഡയറക്ടര്‍ ശ്രീ ലീലി വധേര എന്നിവര്‍ പങ്കെടുത്തു.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ നബാര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.റിസര്‍വ് ബാങ്ക് മുന്നോട്ടു വെച്ച 19 നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനെടുത്ത നടപടികളും നബാര്‍ഡ് ഉന്നയിച്ച 3 അധിക നിര്‍ദേശങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണങ്ങളും ചര്‍ച്ച ചെയ്തു. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങളിന്മേല്‍ സ്വീകരിച്ച നടപടിയില്‍ നബാർഡ് തൃപ്തി രേഖപ്പെടുത്തി. സഹകരണ നിയമഭേദഗതിയിലൂടെ ലയനതീരുമാനത്തിനു 2/3 ഭൂരിപക്ഷമെന്നത് കേവലഭൂരിപക്ഷമാക്കിയതില്‍ നബാര്‍ഡിന് പ്രത്യേകിച്ച് അഭിപ്രായങ്ങളോ എതിര്‍പ്പുകളോ ഇല്ലെന്നും റിസര്‍വ് ബാങ്ക് എടുക്കുന്ന നിലപാടനുസരിച്ച്‌ പിന്തുണ നല്‍കുമെന്നും നബാർഡ് പറഞ്ഞു. അതോടൊപ്പം നബാര്‍ഡ് മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ പ്രീ കണ്ടീഷന്‍സ് അല്ലെന്നും അവ നബാര്‍ഡിനു യുക്തമായി തോന്നിയ ഉപദേശരൂപേണയുള്ള ചില അഭിപ്രായങ്ങളാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു യുക്തമായ നടപടി സ്വീകരിക്കാമെന്നും നബാർഡ് അറിയിച്ചു.

PACS ഒഴികെയുള്ള വായ്പേതര സംഘങ്ങള്‍ക്ക് ഭരണസമിതിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ടത് വായ്പേതര സംഘങ്ങളുടെ/അപെക്സ് ഫോറങ്ങളുടെ ഒരു പ്രതിനിധിയെ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍ അത് അവര്‍ക്ക് എന്തെങ്കിലും പ്രത്യേക പ്രശ്നങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കും എന്ന അര്‍ത്ഥത്തില്‍ മാത്രമാണെന്ന് നബാര്‍ഡ് വിശദീകരിച്ചു. ഇക്കാര്യം ആലോചിച്ചു തീരുമാനമെടുക്കുന്ന് കേരളം അറിയിച്ചു.

തുടർന്ന് പ്രളയ ദുരിതത്തില്‍ കൃഷി നാശത്തിനൊപ്പം ജീവനോപാധികളും വസ്തുവകകളുമെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കാര്‍ഷിക കടങ്ങളോടൊപ്പം കാര്‍ഷികേതര കടങ്ങളുടെ കാര്യത്തിലും മോറട്ടേറിയവും റീ സ്ട്രക്ച്ചറിങ്ങും അനുവദിക്കുവാൻ കേരളം നബാർഡിനോട് അഭ്യർത്ഥിച്ചു.

കാര്‍ഷികേതര വായ്പകള്‍ക്ക് മോറട്ടേറിയം, പുനക്രമീകരണം എന്നിവ SLBC യുടെ ശുപാര്‍ശകള്‍ക്കനുസരിച്ചു പ്രകൃതിക്ഷോഭാനന്തര സാഹചര്യങ്ങളില്‍ അനുവദനീയമാണെന്നും അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും നബാര്‍ഡ് അറിയിച്ചു. SLBC ഇക്കാര്യം ചര്‍ച്ച ചെയ്ത് വിവരം ശ്രദ്ധയില്‍ പെടുത്തുകയും അടുത്ത SLBC ഉടനെ ചേര്‍ന്ന് മറ്റു കാര്യങ്ങള്‍ ഉറപ്പു വരുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

നബാര്‍ഡുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി സഹകരണ വകുപ്പ് മന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി ടോം ജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രെജിസ്ട്രാര്‍ ഷാനവാസ്‌, സംസ്ഥാന സഹകരണ ബാങ്ക് MD, പ്രാഥമിക കാര്‍ഷിക സംഘങ്ങളുടെ പ്രതിനിധി അഡ്വ. രാജഗോപാലന്‍ നായര്‍ തുടങ്ങിയവരും നബാര്‍ഡിന് വേണ്ടി ചെയര്‍മാന്‍ ഹര്‍ഷകുമാര്‍ ബന്‍വാല, ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍ അമലോല്‍ഭവനാഥന്‍, ചീഫ് ജെനറല്‍ മാനേജര്‍മാര്‍ കെ.ആര്‍ റാവു, സരിത അറോറ എന്നിവരും പങ്കെടുത്തു.

സന്ദര്‍ശനം 100% ഫലപ്രദവും സംസ്ഥാന താല്പര്യങ്ങള്‍ക്ക് പ്രയോജനപ്രദവും ആയിരുന്നുവെന്നും ഇക്കാര്യത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ മുന്നോട്ട് നീക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button