കൊട്ടാരക്കര : പൊലീസുകാര്‍ക്ക് നേരെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം . പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. കൊട്ടാരക്കരയില്‍ അര്‍ധരാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. അര്‍ധരാത്രി വാഹനങ്ങള്‍ ഇടിച്ചിട്ടു പാഞ്ഞ കാര്‍ തടഞ്ഞ പൊലീസുകാര്‍ക്കാണ് ഡിവൈഎഫ്‌ഐക്കാരുടെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. അക്രമി സംഘത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശികനേതാക്കളും ഉള്‍പ്പെട്ടിരുന്നു. മൊബൈല്‍ കണ്‍ട്രോള്‍ റൂം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് ആക്രമിച്ചത്. 4 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഇരുമ്പ് പൈപ്പുകളുമായി ആക്രമിച്ച സംഘത്തില്‍നിന്നു പൊലീസുകാരെ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളാണു രക്ഷിച്ചത്. മര്‍ദനമേറ്റ 4 പൊലീസുകാര്‍ ചികിത്സയില്‍. മുന്‍പ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കരുതെന്നു കേണപേക്ഷിച്ചിട്ടും അക്രമികള്‍ അടങ്ങിയില്ല.
സംഭവങ്ങളുടെ തുടക്കം ഇങ്ങനെ, ദേശീയപാതയില്‍ ചെങ്ങമനാട് ഭാഗത്തുനിന്നു കൊട്ടാരക്കരയിലേക്കു കാറില്‍ പോകുകയായിരുന്നു നാലംഗ സംഘം. അമിതവേഗത്തിലായിരുന്ന കാര്‍ ബൈക്കുയാത്രികനെ ഇടിച്ചിട്ട ശേഷം മറ്റൊരു കാറില്‍ തട്ടി. കാര്‍ നിര്‍ത്താതെ പാഞ്ഞ വിവരം അറിഞ്ഞ കണ്‍ട്രോള്‍ റൂം പൊലീസ് ഇവരെ പിന്തുടര്‍ന്നു. പുലമണ്ണിലെ ഹോട്ടലിനു സമീപം കാര്‍ പൊലീസ് തടഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡരികിലെ ഇരുമ്പുകമ്പിയില്‍തട്ടി കാര്‍ നിന്നു. പുറത്തിറങ്ങിയ അഭിലാഷും സംഘവും കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് വീശി പൊലീസുകാരെ ആക്രമിച്ചു. യൂണിഫോം വലിച്ചു കീറിയശേഷം മര്‍ദിച്ചു
സംഭവവുമായി ബന്ധപ്പെട്ട് വെട്ടിക്കവല മൊട്ടവിള സ്വദേശികളായ താരാഭവനില്‍ എസ്.അഭിലാഷ്(31), കൊല്ലന്റഴികത്ത് വീട്ടില്‍ പി.രാജേഷ്(33), വി.എന്‍.നിവാസില്‍ നന്ദു(24), ചെങ്ങമനാട് പതിക്കോട്ട് തെക്കതില്‍ വി.വിഷ്ണു (20) എന്നിവരാണു പിടിയിലായത്. ക്രൂരമര്‍ദനമേറ്റ പൊലീസുകാരായ എം.എസ്.ഹരീഷ്(34), എസ്.സുജിത്ത്(32) എന്നിവര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. എസ്‌ഐ സുകുമാരന്‍, ഡ്രൈവര്‍ ജയേഷ് എന്നിവര്‍ക്കും പരുക്കേറ്റു. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഇരുമ്പ് പൈപ്പുകള്‍ കണ്ടെടുത്തു.
Post Your Comments