പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വോട്ടര്‍മാരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും, വി വി പാറ്റും പരിചയപ്പെടുത്തുന്നതിനായുളള ബോധവത്ക്കരണ പരിപാടിക്ക് തുടക്കം. മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. 18 റവന്യു ഉദ്യോഗസ്ഥര്‍, ആറ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ആറംഗ സംഘം ഇനിയുളള ദിവസങ്ങളില്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബോധവത്കരണം നടത്തും.
വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടിന്റെ വിവരങ്ങള്‍ അടങ്ങിയ രസീത് കണ്ട് ബോധ്യപ്പെടാന്‍ സഹായിക്കുന്നതാണ് വി വി പാറ്റ് സംവിധാനം. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ പേപ്പര്‍ രസീതിലൂടെ ലഭിക്കും. വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്നതിന്റെ ചുരുക്കപ്പേരാണ് വി വി പാറ്റ്. വോട്ട് രേഖപ്പെടുത്തുമ്പോള്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പറും പേരും ചിഹ്നവും സ്‌ക്രീനില്‍ തെളിയും. ഏഴു സെക്കന്‍ഡിനുശേഷം പേപ്പര്‍ സ്ലിപ്പ് ഡ്രോ ബോക്‌സില്‍ വീഴുന്ന സമയത്താണ് കണ്‍ട്രോളിങ് യൂണിറ്റില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വോട്ട് രേഖപ്പെടുത്തുക. വി.വി.പാറ്റില്‍ പ്രിന്റ് ചെയ്യാതെ വന്നാല്‍ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം. വോട്ടിങ് യന്ത്രത്തോടുചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വി വി പാറ്റ് മെഷീനില്‍ നിന്നാണ് രസീത് ലഭിക്കുക. രസീതുകള്‍ വോട്ടര്‍ക്ക് കൈയില്‍ സൂക്ഷിക്കാനോ തൊട്ടുനോക്കാനോ കഴിയില്ല. രസീത് ഏഴു സെക്കന്‍ഡ് മെഷീനില്‍ വോട്ടര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്സില്‍ വീഴും.
വോട്ടിങ് സംബന്ധിച്ച പരാതി ഉയര്‍ന്നാല്‍ രസീത് പരിശോധിച്ച് സുതാര്യത ഉറപ്പാക്കും. എല്ലാ ബൂത്തുകളിലും വി വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചാലും എല്ലാ കേന്ദ്രങ്ങളിലും രസീത് എണ്ണി നോക്കില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഓരോ ബൂത്തിലെ വീതം രസീതുകളാണ് എണ്ണി നോക്കുക. ഏതെങ്കിലും ബൂത്തില്‍ വോട്ടിങ് മെഷീന് തകരാര്‍ സംഭവിച്ചാലും രസീതുകള്‍ എണ്ണി നോക്കി പോളിങ് ഓഫീസര്‍ക്ക് തിട്ടപ്പെടുത്താമെന്നതും വി വി പാറ്റ് മെഷീന്റെ മെച്ചമാണ്.
കോഴഞ്ചേരി തഹസില്‍ദാര്‍ ആന്റണി സക്കറിയ, എല്‍ ആര്‍ തഹസില്‍ദാര്‍ സതിയമ്മ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജയദീപ്, സി ഗംഗാധരന്‍ തമ്പി, എ കെ ഗോപാലകൃഷ്ണപിളള, സാം പി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments