കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും കേരളകോണ്‍ഗ്രസിന്റെ ദിവസങ്ങള്‍ നീണ്ട സീറ്റ് തര്‍ക്കത്തിന് ഇതുവരെ പരിഹാരമായില്ല. കോട്ടയം സീറ്റ് ജോസഫിന് കൊടുക്കില്ലെന്ന ഉറച്ച വാശിയില്‍ തന്നെയാണ് മാണി വിഭാഗം. ഇതോടെ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി.
പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം മണ്ഡലം കമ്മറ്റി കെഎം മാണിക്ക് കത്തുനല്‍കി. കോട്ടയത്തുനിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മറ്റിയുടെ ആവശ്യം. എംഎല്‍എ മാരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കെഎം മാണിയുടെ വീട്ടില്‍ നിര്‍ണായകയോഗങ്ങള്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നല്ലെങ്കില്‍ നാളെയുണ്ടാവുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫിനെ പ്രതിരോധിക്കാനുള്ള ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ശ്രമമാണ് കത്തെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം.
സ്ഥാനാര്‍ത്ഥിയാക്കില്ലെങ്കില്‍ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കണമെന്ന അഭിപ്രായവും ജോസഫ് വിഭാഗത്തില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജോസഫ് മുന്നണി വിട്ടേക്കുമെന്നും സൂചനയുണ്ട്.
ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ജോസ് കെ മാണിയോടും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ ജോസഫ് വേണമെന്ന നിലപാടാണ് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചത്.
Post Your Comments