കോട്ടയം : അമിതമായി പലിശ ഈടാക്കിയിരുന്ന പണമിടപാട് സ്ഥാപനങ്ങളില്‍ റെയ്ഡ്. റെയ്ഡില്‍ 4 പേരെ അറസ്റ്റ് ചെയ്തു. ഒട്ടേറെ മുദ്രപ്പത്രങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍, ആര്‍സി ബുക്കുകള്‍, 2 ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തു. കോട്ടയം ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന പണമിടപാട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. കറുകച്ചാല്‍, വാകത്താനം, ഏറ്റുമാനൂര്‍, അയര്‍ക്കുന്നം, കടുത്തുരുത്തി എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വാകത്താനം പന്ത്രണ്ടാംകുഴി പുളിമൂട്ഭാഗത്ത് കാവുങ്കല്‍ മൂലയില്‍ കെ.എം.കുര്യന്‍ (70), തിരുവഞ്ചൂര്‍ നരിമറ്റം രാജ്ഭവന്‍ രാജേഷ് (43), കാണക്കാരി മനോജ്ഭവന്‍ മനോജ് ജോസഫ് (43), അതിരമ്പുഴ ചിറയില്‍ രാജന്‍ പി.തോമസ് (47) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുറെ നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അമിതമായ പലിശയിടപാടു നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് മേധാവി ഹരിശങ്കര്‍ റെയ്ഡിനു നിര്‍ദേശം നല്‍കുകയായിരുന്നു.
കുര്യന്റെ പക്കല്‍നിന്നു തിരിച്ചറിയല്‍ രേഖകള്‍, മുദ്രപത്രങ്ങള്‍, ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ എന്നിവ വാകത്താനം പൊലീസ് പിടിച്ചെടുത്തു. നിയമപരമായ ലൈസന്‍സ് ഇല്ലാതെ രാജേഷ് പണമിടപാട് സ്ഥാപനം നടത്തിവരുകയായിരുന്നുവെന്ന് അയര്‍ക്കുന്നം പൊലീസ് പറഞ്ഞു. രാജേഷിന്റെ വീട്ടില്‍നിന്ന് വാഹനങ്ങളുടെ ആര്‍സി ബുക്ക്, വാഹനങ്ങളുടെ താക്കോല്‍, രണ്ടുലഷം രൂപ എന്നിവ കസ്റ്റഡിയിലെടുത്തു. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനധികൃത ധനകാര്യസ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിലാണ് മനോജ് ജോസഫും രാജന്‍ പി.തോമസും അറസ്റ്റിലായത്.
Post Your Comments