രമാകാന്തന്‍ നായര്‍
ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണ് ബിജെപിയും കോണ്‍ഗ്രസും. രണ്ട് പാര്‍ട്ടികള്‍ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളെ ആശ്രയിക്കണമെന്നുമാണോ ഇത് സൂചിപ്പിക്കുന്നത്. പഴയതുപോലെ രാജ്യത്ത് സഖ്യയുഗം തിരിച്ചെത്തുകയാണോ. ആണെങ്കില്‍ അത് രാജ്യത്തിന് ഗുണം ചെയ്യില്ല, ഫലപ്രദമായ ഭരണം കാഴ്ച്ച വയ്ക്കുന്നതില്‍ സഖ്യസര്‍ക്കാരിന് പരാധീനതകളുണ്ടെന്ന് പല തവണ നാം കണ്ടതാണ്. സഖ്യരൂപീകരണത്തില്‍ ബിജെപിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിന് പാടുപെടേണ്ടി വരികയാണ്. കോണ്‍ഗ്രസ അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ ഒന്നാണിത്. യുപിയില്‍ ബിജെപിക്കെതിരെ എസ്പിയും ബിഎസ്പിയും കൈ കോര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് അതിന്റെ ഭാഗമാകാതെ മാറി നില്‍ക്കുകയാണ്. എന്നാല്‍ ഡല്‍ഹിയില്‍ ഇത് സഖ്യത്തെ ശക്തിപ്പെടുത്തുന്നതിന് തടസമുണ്ടാക്കുന്നു എന്നതാണ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്.
കോണ്‍ഗ്രസ്സ് ഭാഗമാകുമോ മഹാസഖ്യത്തില്‍
ഇതുവരെ രൂപീകരിക്കപ്പെട്ട ചില സഖ്യങ്ങള്‍ ഇങ്ങനെയാണ്. യുപിയില്‍ എസ്പിയോടും ബിഎസ്പിയോടും സഖ്യത്തിലായ മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) മൂന്ന് ലോക്‌സഭാ സീറ്റുകളില്‍ മത്സരിക്കും. ഇതേക്കറിച്ച്ുള്ള പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ സമാജ്വാദി പാര്‍ട്ടി നേതാവ് എസ്.പി. അഖിലേഷ് യാദവ് സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രാധാന്യം എടുത്തു സൂചിപ്പിച്ചിരുന്നു. അതേസമയം എസ്പി 37 സീറ്റുകളിലും ബിഎസ്പി 38 സീറ്റുകളിലും മത്സരിക്കും. രാഹുല്‍ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളായ അമേഠിയിലും റായ് ബറേലിയിലും എസ്പിക്കോ ബിഎസ്പിക്കോ സ്ഥാനാര്‍ത്ഥികളുണ്ടാകില്ല. കോണ്‍ഗ്രസിന്റെ വോട്ട് മറിച്ച് ബിജെപിക്ക് ജയസാധ്യത സൃഷ്ടിക്കില്ലെന്ന തിരിച്ചറിവ്് കാരണമാകും ഇത്തരത്തിലൊരു തീരുമാനം. മഥുര, മുസാഫര്‍നഗര്‍, ബാഗ്പത് എന്നിവിടങ്ങളിലെ മൂന്ന് സീറ്റുകള്‍ ഈ പ്രദേശങ്ങളില്‍ സ്വാധീനമുള്ള ആര്‍.ഡി.എല്‍.ക്ക് നല്‍കിയിട്ടുണ്ട്. പുല്‍വാമ ആക്രമണത്തിനുശേഷം എസ്.പി.യും കോണ്‍ഗ്രസും ഒന്നിച്ച് നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശ്രമത്തിലാണ്. ഇത്തരത്തില്‍ എന്തെങ്കിലും ചര്‍ച്ച നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് രണ്ട് പാര്‍ട്ടിയിലെയും നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. യുപിയില്‍ പത്ത് സീറ്റ് നല്‍കുകയാണെങ്കില്‍ ഒരുപക്ഷേ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായേക്കുമെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബീഹാറിലെ സഖ്യം ഇങ്ങനെ
ഇനി ബീഹാറിലെ കാര്യം നോക്കിയാല്‍ രാഷ്ട്രീയമായി അത് കൗതുകരമാകും. ഏറെ നാളത്തെ ജയില്‍ ജീവിതം കാരണം ജനങ്ങള്‍ക്ക് ലാലു പ്രസാദിനോട് ഒരു സഹതാപതംരഗം ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് ലാലു സഖ്യം അത് വേണ്ടവിധം പ്രയോജനപ്പെടുത്തും. അതേസമയം ബി.ജെ.പിക്ക് നിതീഷ്‌കുമാറുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ജനതാദള്‍ (യുനൈറ്റഡ്) യുമായുള്ള സഖ്യത്തിന്റരെ ഭാഗമായി തങ്ങളുടൈ അഞ്ച് എംപിമാരെയാണ് ബിജെപിക്ക് ഇവിടെ നഷ്ടപ്പെടുത്തേണ്ടിവരുന്നത്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇവിടെ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെപോലെ ഇത്തവണ മോദി അനുകൂല തരംഗം പാര്‍ട്ടി പ്രതീക്ഷിക്കുന്നുമില്ല.
ശ്രദ്ധേയമായി തമിഴ്‌നാട്ടിലെ പോരാട്ടങ്ങള്‍
തമിഴ്‌നാട്ടില്‍ ഇത്തവണത്തെ ലോക്‌സഭാതെരഞ്ഞെടുപ്പ് ചരിത്രപരമായിരിക്കും. അരനൂറ്റാണ്ടായി തമിഴകത്ത് നിറഞ്ഞുനിന്നിരുന്ന ശക്തയായ നേതാവ് ജയലളിതയുടെ അസാന്നിധ്യത്തില്‍ നടക്കുന്ന ആദ്യ ലോക്‌സഭാതെരഞ്ഞെടുപ്പാണിത്. എന്നിരുന്നാലും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത തെരഞ്ഞെടുപ്പ് ചൂടിലൂടെയാണ് തമിഴ്‌നാട് ഇപ്പോള്‍ കടന്നുപോകുന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പഴനിസ്വാമിയുടെയും ഉപമുഖ്യമന്ത്രി ഓ പനീര്‍ശെല്‍വത്തിന്റെയും നേതൃത്വത്തില്‍ എ.ഐ.എ.ഡി.എം.കെ. ഒരു വലിയ സഖ്യത്തിന്റെ പ്രധാനകക്ഷിയാണ്. ബിജെപിയുമായുണ്ടാക്കിയ സഖ്യപ്രകാരം പിഎംകെയ്ക്ക് പത്ത് സീറ്റും ബിജെപിക്ക് അഞ്ച് സീറ്റും ഒഴിച്ചിട്ടാണ് എഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം കോണ്‍ഗ്രസുമായി സഖ്യത്തിലായ ഡിഎംകെ പത്ത് സീറ്റാണ് കോണ്‍ഗ്രസിനായി മാറ്റി വച്ചിരിക്കുന്നത്.
2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയേയും പിഎംകെയേയും ഒരുപോലെ അകറ്റിനിര്‍ത്തിയിയരുന്നു പ്രബല കക്ഷികളായ എഐഎഡിഎംകെയും ഡിഎംകെയും. അന്ന് മൂന്നാം മുന്നണിയാണ് തമിഴ്‌നാട്ടില്‍ പരീക്ഷണത്തിനെത്തിയത്. എന്നാല്‍ രാജ്യമൊട്ടാകെ വീശിയടിച്ച മോദിതരംഗത്തില്‍ തമിഴ്‌നാട്ടില്‍ മൂന്നാംമുന്നണിക്ക് പിടിച്ചുനില്‍ക്കാനായില്ല. 39 ല്‍ 37 സീറ്റ് നേടി എഐഎഡിഎംകെ വിജയക്കൊടി പാറിച്ചു. ഇപ്പോള്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സഹായം മുന്നില്‍ കണ്ടുകൊണ്ടാണ് തമിഴ്‌നാട്ടില്‍ സഖ്യരൂപീകരണങ്ങളുണ്ടാകുന്നത്. പുതിയതായി രൂപമെടുത്ത രാഷ്ട്രീയപാര്‍ട്ടികളോട് മത്സരിച്ച് നില്‍ക്കാന്‍ ഒറ്റയ്ക്ക് കഴിയില്ലെന്ന് എഐഎഡിഎംകെയെപ്പോലെ ഡിഎംകെയ്ക്കും നന്നായി അറിയാം. എന്തായാലും സഖ്യങ്ങളുടെ ബലത്തിലാണ് ഇത്തവണ രാജ്യത്തെ പ്രബല രാഷ്ട്രീയ കക്ഷികള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഒറ്റയ്ക്ക ഭൂരിപക്ഷമെന്നത് അത്ര പെട്ടെന്ന് നടക്കുന്നതല്ലെന്ന തിരിച്ചറിവില്‍ പ്രബലരുമായി പ്രബലര്‍ കൈ കോര്‍ക്കുമ്പോള്‍ കേന്ദ്രത്തില്‍ മോദിയുടെ രണ്ടാമൂഴവും രാഹുലിന്റെ കന്നിദൗത്യവും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
Post Your Comments