Latest NewsInternational

ആ വിമാനം കിട്ടിയില്ല; പക്ഷെ ജീവന്‍ തിരിച്ചുകിട്ടി

വിമാനത്താവളത്തിലെത്താന്‍ രണ്ട് മിനിറ്റ് വൈകിയത് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷമാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് അന്റോണിസ് മാവ്‌റോപൗലോസ് എന്ന ഗ്രീക്കുകാരന്‍. ഞായറാഴ്ച രാവിലെ എത്യോപ്യയയില്‍ തകര്‍ന്നുവീണ വിമാനത്തിലെ 150-മത്തെ യാത്രക്കാരനായിരുന്നു അന്റോണിസ്. വൈകിയതിനെ തുടര്‍ന്ന് യാത്രാനുമതി ലഭിക്കാതെ അടുത്ത വിമാനത്തില്‍ യാത്രക്കൊരുങ്ങിയ അന്റോണിസിനെ കാത്തിരുന്നത് തന്റെ യാത്ര മുടങ്ങിയ വിമാനം തകര്‍ന്ന് അതിലെ എല്ലാ യാത്രക്കാരും അപകടത്തിനിരയായി എന്ന വാര്‍ത്തയായിരുന്നു.

വിമാനത്താവളത്തിലെത്താന്‍ വൈകിയതിന്റെ വിഷമത്തിലായിരുന്നുവെങ്കിലും തന്റെ ഭാഗ്യദിനമാണിതെന്ന് വിമാനയാത്രാടിക്കറ്റിന്റെ ഫോട്ടോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച് അന്റോണിസ് കുറിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റായ അന്റോണിസ് യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നെയ്‌റോബിയിലേക്ക് യാത്രക്കൊരുങ്ങിയത്.
അടുത്ത വിമാനത്തിനായി കാത്തിരുന്ന അന്റോണിസിനെ അധികൃതര്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ജീവന്‍ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറയാന്‍ അവര്‍ പറഞ്ഞിരുന്നതായി അന്റോണിസ് ഓര്‍മിച്ചു. വിമാനം മിസായത് കൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും മറ്റു യാത്രക്കാര്‍ക്കുണ്ടായ ദുര്യോഗത്തില്‍ വിഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് നെയ്‌റോബിയിലേക്ക് തിരിച്ച ET-302 വിമാനം പറന്നുയര്‍ന്ന് ആറുമിനിറ്റിന് ശേഷം തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടു. ബോയിങ്ങിന്റെ 737 മാക്‌സ്-8 ശ്രേണിയില്‍ പെട്ടതാണ് വിമാനം. വിമാനം അടിയന്തരമായി തിരിച്ചിറങ്ങാന്‍ പൈലറ്റ് അനുമതി ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അനുമതി ലഭിച്ചെങ്കിലും തിരിച്ചിറങ്ങുന്നതിന് മുമ്പ് വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

shortlink

Post Your Comments


Back to top button