കൊച്ചി: എറണാകുളം പാലച്ചുവടിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കാരണം വ്യക്തമായി. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവം മൂലമാണ് യുവാവിന്റെ മരണമെന്ന് പോസ്റ്റുമോർട്ടത്തിലും സ്ഥിരീകരിച്ചു.ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തി.
ചക്കരപ്പറമ്പിൽ ഇലക്ട്രിക്കൽ ജോലി ചെയ്യുന്ന ജിബിൻ വർഗീസിനെയാണ് മരിച്ച നിലയിൽ കണ്ടത്. ജിബിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കി. ജിബിൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മൃതദേഹത്തിന് അരികിൽ കണ്ടെത്തിയിരുന്നു. പുലർച്ചെ നാലു മണിയോടെ പ്രഭാത സവാരിക്ക് പോയവരാണ് മൃതദേഹം കണ്ടത്. ബെർമുഡയും ഷർട്ടും ധരിച്ച യുവാവിന്റെ നെറ്റിയിൽ ആഴത്തിലുള്ള മുറിവും പുറത്ത് പരിക്കുകളുമുണ്ടായിരുന്നു. മുഖത്ത് രക്തം വാർന്നൊലിച്ച നിലയിലായിരുന്നു. സ്‌കൂട്ടർ മറിഞ്ഞ് കിടന്നുവെങ്കിലും കേടുപാടുകൾ ഉണ്ടായിരുന്നില്ല. അപകടമല്ലെന്നാണ് പോലീസിന്റെ നിഗമനം.
ജിബിന്റെ മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടിൽ ജിബിൻ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തർക്കവും അടിപിടിയും ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments