സന്നിധാനം : പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനായി ശബരിമല നടതുറക്കാന്‍ രണ്ട് ദിവസംകൂടി . ശബരിമലയില്‍ പൊലീസ് സുരക്ഷ കുറച്ച് സര്‍ക്കാര്‍. ഇത്തവണ 300 പൊലീസുകാരെയാണ് ശബരിമലയില്‍ വിന്യസിയ്ക്കുന്നത്. . ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, യുവതികള്‍ ഉത്സവനാളുകളില്‍ എത്തിയാല്‍ തടയുമെന്ന കര്‍ശന നിലപാടിലാണ് ശബരിമല കര്‍മസമിതി. എന്നാല്‍, ഉത്സവ നാളുകളില്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് കര്‍ശനസന്നാഹങ്ങള്‍ ഒരുക്കേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്.
സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 300 പൊലീസുകാരെ മാത്രമാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. പത്തു ദിവസത്തെ ഉത്സവത്തിനായി തിങ്കളാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. യുവതികള്‍ എത്തില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടലെങ്കിലും, പരിശോധനയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ശബരിമല കര്‍മസമിതിയുടെ തീരുമാനം.
മണ്ഡല-മകരവിളക്കുകാലത്തെ പോലെ തന്നെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് നിരീക്ഷണം നടത്തുമെന്ന കര്‍മ്മസമിതി പറയുന്നു. അതേസമയം ചില സംഘടനകള്‍ പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയിലും മറ്റും പോസ്റ്റുകള്‍ ഇടുന്നുണ്ട്. യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ചില ആക്ടിവിസ്റ്റുകളും മാവോവാദി ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത വേണമെന്നാണ് കര്‍മസമിതി കരുതുന്നത്. യുവതികളെ കയറ്റാനുള്ള ശ്രമമുണ്ടാവുകയും പ്രതിഷേധം കൈവിട്ടുപോവുന്ന നില വരികയും ചെയ്താല്‍ കൂടുതല്‍ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കാനാണ് ആലോചന.
അതേസമയം, ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ സുപ്രീംകോടതി വിധി പ്രാകരം സുരക്ഷ നല്‍കാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദര്‍ശനത്തിന് യുവതികളെത്തിയാല്‍ ആവശ്യമായ സുരക്ഷ നല്‍കും.
Post Your Comments